Business

19 കിലോ സിലിണ്ടറിന് 50 രൂപ വില വർധന; രാജ്യത്ത് വാണിജ്യ പാചകവാതക വില വീണ്ടും ഉയർന്നു

ജനുവരിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 111 രൂപ ഉയര്‍ത്തിയിരുന്നു

Madism Desk

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയര്‍ത്തി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില 50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടർ വില 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു. ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് വില വര്‍ധന പ്രാബല്യത്തില്‍ വന്നത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്കാണ് വില വര്‍ധനവ് ബാധകമാകുന്നത്.

പ്രവർത്തനച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷണസാധനങ്ങളുടെ വില കൂട്ടേണ്ടി വരുമെന്ന് വ്യാപാരികൾ സൂചിപ്പിക്കുന്നു. ജനുവരിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 111 രൂപ ഉയര്‍ത്തിയിരുന്നു. പുതിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന്റെ വില 1740.50 രൂപയായി. കൊല്‍ക്കത്തയില്‍ 1844.50 രൂപയും മുംബൈയില്‍ 1692 രൂപയും ചെന്നൈയില്‍ 1899.50 രൂപയുമായി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ലാത്തത് സാധാരണക്കാർക്ക് ആശ്വാസമാണ്. 2025 ഏപ്രില്‍ എട്ടിനാണ് ഗാര്‍ഹിക ഗ്യാസ് വില അവസാനമായി പരിഷ്‌കരിച്ചത്. ഇതോടൊപ്പം വ്യോമയാന ഇന്ധന വിലയില്‍ കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary : India has increased the price of commercial LPG cylinders by ₹50 per 19-kg unit