ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കിയ സംഭവം വൃവസായ സമൂഹത്തെ നടുക്കിയിരിക്കുകയാണ്. കേന്ദ്ര ഏജൻസികളുടെ റെയ്ഡിനിടെ, കടുത്ത മാനസിക സമ്മർദത്തിലായിരുന്ന അദ്ദേഹം, ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ വെച്ച് സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സാമ്രാജ്യങ്ങളിലൊന്നിന്റെ ഉടമ, സിനിമാ നിർമാതാവ്, ജീവകാരുണ്യ പ്രവർത്തകൻ, തുടങ്ങിയ വിശേഷണങ്ങളേറെയുള്ള റോയുടെ അപ്രതീക്ഷിത വിടവാങ്ങൽ കേരളത്തെ അമ്പരപ്പിച്ചിരിക്കുകയാണ്
ഡോ. സിജെ റോയിയെ പോലെയുള്ള വ്യവസായ പ്രമുഖരുടെ ആത്മഹത്യകൾ ഇന്ത്യൻ സമൂഹത്തിന് പുതിയ വാർത്തയല്ല. സാമ്പത്തിക പിരിമുറുക്കം, റെയ്ഡുകൾ, കടബാധ്യത, ബിസിനസ്സിലെ തകർച്ച, തുടങ്ങിയ കാരണങ്ങൾ കൊണ്ട് വ്യവസായികൾ ഇതിനു മുൻപും ഇത്തരം കടുത്ത തീരുമാനങ്ങളെടുത്തിട്ടുണ്ട്.
കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർത്ഥ
കഫേ കോഫി ഡേ സ്ഥാപകനായ വി ജി സിദ്ധാർത്ഥ ജീവനൊടുക്കിയ സംഭവം, വ്യവസായ ലോകത്തെ നടുക്കിയ ഒന്നായിരുന്നു. ബിസിനസ്സിലെ സാമ്പത്തിക നഷ്ടത്തിനു പിന്നാലെ, 2019 ജൂലൈ 29-ന് മംഗളൂരുവിലെ നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിൽ നിന്നും ചാടിയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ഏകദേശം 7,000 കോടി രൂപയിലധികം കടബാധ്യത അന്ന് ആ കമ്പനിക്ക് ഉണ്ടായിരുന്നു. ജീവനൊടുക്കുന്നതിന് മുൻപ് തനിക്ക് സംഭവിച്ച സാമ്പത്തിക നഷ്ടത്തെ കുറിച്ചും, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുള്ള പീഡനങ്ങളെ കുറിച്ചും അദ്ദേഹം തന്റെ ബോർഡ് അംഗങ്ങൾക്കായി തുറന്ന കത്തെഴുതിയിരുന്നു. 'സംരംഭകൻ എന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു,' എന്നായിരുന്നു അദ്ദേഹം ആ കത്തിൽ കുറിച്ചത്.
മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് മുത്തൂറ്റ്
മുത്തൂറ്റ് ഗ്രൂപ്പിന്റെ മൂന്നാം തലമുറക്കാരനും ചെയർമാനുമായിരുന്ന ജോർജ് മുത്തൂറ്റിന്റെ മരണം ആത്മഹത്യയല്ല, മറിച്ച് അപകടമരണമാണ് എന്ന് വാദിക്കുന്നവരാണ് ഭൂരിഭാഗവും. 2021 മാർച്ച് 5-ന് ന്യൂഡൽഹിയിലെ ഈസ്റ്റ് ഓഫ് കൈലാസിലുള്ള തന്റെ വസതിയുടെ നാലാം നിലയിൽ നിന്ന് വീണാണ് അദേഹത്തിന്റെ മരണം സംഭവിച്ചത്. അതൊരു ആത്മഹത്യ തന്നെയാണെന്നായിരുന്നു അന്ന് പലരും വിലയിരുത്തിയിരിക്കുന്നത്. എന്നാൽ പിന്നീട് അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്നും, മരണത്തിൽ ദുരൂഹതകളില്ലെന്നും ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഇളയ മകൻ പോൾ മുത്തൂറ്റ് ജോർജ്, 2009-ൽ ആലപ്പുഴയിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയായി മുത്തൂറ്റ് ഫിനാൻസ് വളർന്നത് ജോർജ് മുത്തൂറ്റിന്റെ കീഴിലായിരുന്നു. 2020-ൽ ഫോബ്‌സ് മാഗസിൻ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മലയാളിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. ഫിക്കി (FICCI) കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഇന്നോവ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോയ് അറയ്ക്കൽ.
ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറും, പ്രമുഖ വ്യവസായിയുമായ ജോയ് അറയ്ക്കൽ, സാമ്പത്തിക പ്രതിസന്ധികൾ മൂലം, ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 2020 ഏപ്രിൽ 23-നായിരുന്നു സംഭവം. സ്വന്തമായി ഒരു കപ്പൽ ഉണ്ടായിരുന്ന ജോയ്, 'കപ്പൽ ജോയ്' എന്ന പേരിലാണ് തന്റെ സ്വദേശമായ വയനാട്ടിൽ അറിയപ്പെട്ടിരുന്നത്. വയനാട് മാനന്തവാടിയിൽ അദ്ദേഹം നിർമ്മിച്ച 'അറയ്ക്കൽ പാലസ്' എന്ന വീട്, കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടുകളിൽ ഒന്നായാണ് അറിയപ്പെട്ടിരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ അത്മഹത്യ വാർത്ത ഒരുപാട് പേരെയാണ് കണ്ണീരിലാഴ്ത്തിയത്.
രാജ് ട്രാവൽ വേൾഡ് ഉടമ ലളിത് സേത്ത്
ഇന്ത്യയിലെ പ്രമുഖ ട്രാവൽ കമ്പനിയായിരുന്ന 'രാജ് ട്രാവൽ വേൾഡിന്റെ' ഉടമ ലളിത് സെത്ത്. 2012 ഓഗസ്റ്റിൽ മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്കിൽ നിന്ന് ചാടിയാണ് ജീവനൊടുക്കിയത്. കമ്പനിക്കു മേൽ ഉണ്ടായ കനത്ത സാമ്പത്തിക ബാധ്യതകളും, കടങ്ങളുമായിരുന്നു അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. മാത്രമല്ല, വ്യവസായത്തിലെ പാളിച്ചകൾ അദ്ദേഹത്തെ കടുത്ത നിരാശയിലാണ് കൊണ്ടെത്തിച്ചിരുന്നത്.
കപാരോ ഗ്രൂപ്പ് തലവൻ അങ്കാദ് പോൾ
പ്രമുഖ വ്യവസായി സ്വരാജ് പോളിന്റെ മകനും, കപാരോ ഗ്രൂപ്പ് തലവനുമായിരുന്ന അങ്കാദ് പോൾ കുടുംബ ബിസിനസ്സിലുണ്ടായ തകർച്ചകളും, പ്രതിസന്ധികളും മൂലം തന്റെ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. അദ്ദേഹം കടുത്ത നിരാശയിലായിരുന്നു എന്നും പിന്നീട് പൊലീസ് സ്ഥിരീകിരച്ചിരുന്നു.
എൻ.ഡി സ്റ്റുഡിയോസ് ഉടമ നിതിൻ ദേശായി
എൻ.ഡി സ്റ്റുഡിയോസിന്റെ ഉടമയും, ബോളിവുഡിലെ പ്രശസ്തനായ ആർട്ട് ഡയറക്ടറുമായ നിതിൻ ദേശായിയുടെ മരണം സിനിമ ലോകത്ത് ഏറെ ഞെട്ടലാണ് സൃഷ്ടിച്ചത്. 2023 ഓഗസ്റ്റിൽ തന്റെ സ്റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. 250 കോടിയിലധികം കടബാധ്യതയും, വായ്പ തിരിച്ചടയ്ക്കാൻ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള സമ്മർദ്ദവുമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. 'ലഗാൻ', 'ദേവദാസ്' തുടങ്ങിയ ചിത്രങ്ങളുടെ സെറ്റുകൾ ഒരുക്കിയ കലാകാരൻ കൂടെയാണ് നിതിൻ ദേശായി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
English Summary: The suicide of Confident Group chairman Dr. C.J. Roy has shocked the business world, underscoring a troubling pattern of Indian industrialists taking extreme steps amid financial stress and raids.