Business

ഇന്ത്യൻ ടെലികോം രംഗത്ത് 5G ഉപയോഗത്തിൽ ജിയോ ഒന്നാമത്

ജിയോയുടെ ശരാശരി 5G ഡൗൺലോഡ് വേഗത 199.7 Mbps ആണ്. ഇത് ജിയോയുടെ തന്നെ 4G വേഗതയെക്കാൾ ഏകദേശം 11 മടങ്ങ് കൂടുതലാണ്.

Madism Desk

ഇന്ത്യൻ ടെലികോം മേഖലയിലെ വിപണി വിഹിതത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന റിലയൻസ് ജിയോ, 5G സേവനങ്ങളുടെ ഉപയോഗത്തിൽ എതിരാളികളെക്കാൾ മുന്നിലാണെന്ന് പുതിയ റിപ്പോർട്ട്. നെറ്റ്‌വർക്ക് ഇന്റലിജൻസ് സ്ഥാപനമായ ഓപ്പൺസിഗ്നൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിലയിരുത്തൽ.

2025 സെപ്റ്റംബർ മുതൽ നവംബർ വരെ നടത്തിയ നിരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിൽ, ജിയോയും ഭാരതി എയർടെല്ലും 5G നെറ്റ്‌വർക്ക് ലഭ്യതയുടെ കാര്യത്തിൽ ഏകദേശം സമാന നിലവാരം പുലർത്തുന്നുവെന്ന് വ്യക്തമാക്കുന്നു. എന്നാൽ 5G സ്പെക്ട്രം ഉപയോഗിക്കുന്ന സമയത്തിന്റെ കാര്യത്തിൽ ജിയോ ഉപയോക്താക്കളാണ് വ്യക്തമായ മുൻതൂക്കം കൈവരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 5G സിഗ്നൽ പൂർണമായി ലഭിക്കുന്നതിന് മുൻപ് കുറച്ച് സമയം എയർടെൽ ഉപയോക്താക്കൾക്ക് 5G നെറ്റ്‌വർക്ക് ഉപയോഗിക്കാൻ സാധിക്കുന്നതായും പഠനം പറയുന്നു. ഓപ്പൺസിഗ്നലിന്റെ വിലയിരുത്തലുകൾ അടിസ്ഥാനമാക്കി ഇക്കണോമിക് ടൈംസ് ടെലികോം അവതരിപ്പിച്ച കണക്കുകൾ പ്രകാരം, എയർടെല്ലിന്റെ 5G ലഭ്യത 66.6 ശതമാനമാണ്. 5G നെറ്റ്‌വർക്കിൽ ഉപയോക്താക്കൾ ചെലവഴിക്കുന്ന സമയം 28 ശതമാനമായി കണക്കാക്കപ്പെടുന്നു. അതേസമയം, ജിയോയുടെ 5G ലഭ്യത 68.1 ശതമാനവും, 5G ഉപയോഗത്തിൽ ചിലവഴിക്കുന്ന സമയം 67.3 ശതമാനവുമാണ്.

ജിയോ ഉപയോക്താക്കൾ 5G നെറ്റ്‌വർക്കിലേക്ക് കണക്ട് ചെയ്താൽ ദീർഘകാലം അതിൽ തുടരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന് പ്രധാന കാരണമായി ഉയർന്നത് ജിയോയുടെ ഡൗൺലോഡ് വേഗതയാണ്. ജിയോയുടെ ശരാശരി 5G ഡൗൺലോഡ് വേഗത 199.7 Mbps ആണ്. ഇത് ജിയോയുടെ തന്നെ 4G വേഗതയെക്കാൾ ഏകദേശം 11 മടങ്ങ് കൂടുതലാണ്. എയർടെല്ലിന്റെ 5G ഡൗൺലോഡ് വേഗത ശരാശരി 187.2 Mbps ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് എയർടെല്ലിന്റെ 4G വേഗതയെ അപേക്ഷിച്ച് ഏകദേശം ഏഴ് മടങ്ങോളം ഉയർന്നതാണ്. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ വ്യത്യസ്ത സമീപനങ്ങളാണ് രണ്ട് കമ്പനികളും സ്വീകരിച്ചിരിക്കുന്നത്. എയർടെൽ 5G NSA (നോൺ-സ്റ്റാൻഡ്എലോൺ) സാങ്കേതിക വിദ്യയാണ് നിലവിൽ ഉപയോഗിക്കുന്നത്. മറുവശത്ത്, റിലയൻസ് ജിയോ പൂർണമായും 5G SA (സ്റ്റാൻഡ്എലോൺ) സാങ്കേതിക വിദ്യയെ ആശ്രയിച്ചാണ് സേവനം നൽകുന്നത്.

വോഡഫോൺ ഐഡിയ അടുത്തകാലത്താണ് 5G സേവനങ്ങൾ ആരംഭിച്ചത്. നിലവിൽ കമ്പനിയുടെ 5G ലഭ്യത 32.5 ശതമാനമാണ്. 5G നെറ്റ്‌വർക്കിൽ ഉപയോക്താക്കൾ ചിലവഴിക്കുന്ന സമയം 9.7 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. വോഡഫോൺ ഐഡിയയുടെ ശരാശരി 5G ഡൗൺലോഡ് വേഗത 138.9 Mbps ആണ്. ഇത് കമ്പനിയുടെ 4G വേഗതയെക്കാൾ ഏകദേശം ആറു മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

English Summary: Reliance Jio leads India in 5G usage, outperforming rivals Airtel and Vodafone Idea in time spent on 5G networks and download speeds, according to an OpenSignal report.