‘ഒരു പവന് വില ഒരുലക്ഷമോ?’ എന്ന അതിശയ ചോദ്യത്തിനപ്പുറവും സ്വർണവില കുറയാതെ കുതിച്ചുയരുകയാണ്. റെക്കോർഡ് വേഗത്തിൽ വില ഉയരുന്നത് വ്യാപാരികൾക്ക് വലിയ ആശങ്കയാണ്. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ ഈ മിന്നൽ വേഗത്തിലുള്ള വിലക്കയറ്റം വിപണിയെ തളർത്തുമെന്നത് ഉറപ്പായി കഴിഞ്ഞു. ദിവസേന വില ഉയരുന്നതിനാൽ സ്വർണക്കടകളിൽ വാങ്ങാൻ എത്തുന്നവരെക്കാൾ വിൽക്കാനെത്തുന്നവരാണ് കൂടുതലെന്ന് വ്യാപാരികൾ പറയുന്നു. ഇന്ന് ഗ്രാമിന് 110 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,03,560 രൂപയായി. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. ഇതിനൊപ്പം വെള്ളി വിലയും ഉയരുകയാണെന്ന് വ്യാപാരികൾ വ്യക്തമാക്കി. ഇന്ന് വെള്ളിക്ക് 10 രൂപ വർധിച്ച് വില 250 രൂപയിലെത്തി.
ദീർഘകാല നിക്ഷേപമായി സ്വർണത്തെ കാണുന്നവർക്ക് ഇതൊരു സുവർണകാലമാണ്. ഒരാഴ്ചക്കിടെ സ്വർണവിലയിൽ 4,520 രൂപയുടെ വർധനവുണ്ടായി. ഈ കുതിപ്പ് തുടർന്നാൽ 2025 അവസാനത്തോടെ വില ഒന്നരലക്ഷം രൂപയിലേക്കെത്തുമെന്നാണ് വിലയിരുത്തൽ.
അന്താരാഷ്ട്ര സംഭവവികാസങ്ങളാണ് സ്വർണവിലയിലെ ഈ കുതിപ്പിന് പ്രധാന കാരണം. യു.എസ്–വെനസ്വേല ബന്ധത്തിലെ ഭിന്നത ശക്തമാകുന്നതും, യുക്രെയ്ൻ–റഷ്യ സംഘർഷം തുടരുന്നതും സ്വർണവില ഉയരാൻ ഇടയാക്കുന്നു. കൂടാതെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സാധ്യതയും വിലക്കയറ്റത്തിന് കാരണമാകുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിവാഹ വിപണിയിൽ നിന്ന് ലഭിക്കുന്ന പിന്തുണ ഇപ്പോഴും സ്വർണത്തിന് കരുത്തേകുകയാണ്. നിലവിലെ സ്വർണവില കേരളത്തിന്റെ എക്കാലത്തെയും ഉയർന്ന നിരക്കാണ്. 3 ശതമാനം ജിഎസ്ടിയും 4 ശതമാനത്തിലധികം പണിക്കൂലിയും ചേർത്താൽ, ഒരു പവൻ സ്വർണം വാങ്ങാൻ ഉപഭോക്താവിന് 1,12,000 രൂപയ്ക്കുമേൽ ചെലവഴിക്കേണ്ടിവരും.
English Summary: Gold prices in Kerala have surged to a historic high, crossing ₹1 lakh per sovereign and reaching ₹1,03,560. The sharp rise has slowed the jewellery market as more people sell gold instead of buying