Business

സംസ്ഥാനത്ത് പൊള്ളുന്ന സ്വർണവില; പവൻ വില 99,880 രൂപയായി

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷം രൂപയ്ക്ക് സമീപം ചെലവാകുന്ന സാഹചര്യമാണുള്ളത്

Madism Desk

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 99,880 രൂപയായി ഉയർന്നു. ഇന്ന് ഒരു ദിവസം കൊണ്ട് പവന് 840 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് സമീപം എത്തിയിരിക്കുകയാണ്. ഇന്നത്തെ കണക്കുകൾ പ്രകാരം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 12,485 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,265 രൂപയാണ് വില.

ഇന്നത്തെ നിരക്കനുസരിച്ച് ഏറ്റവും കുറഞ്ഞ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ഉൾപ്പെടുത്തി കണക്കാക്കുമ്പോൾ, ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷം രൂപയ്ക്ക് സമീപം ചെലവാകുന്ന സാഹചര്യമാണുള്ളത്. വിലക്കയറ്റം മൂലം ആളുകൾ ആഭരങ്ങൾ വാങ്ങുന്നത് കുറവാണെന്നാണ് വ്യാപാരികൾ പറയുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതിനെ തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ആവശ്യം വർധിച്ചതുമാണ് വില ഉയരാൻ പ്രധാന കാരണം.

'ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ' അന്താരാഷ്ട്ര വിപണി നിരക്കുകൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ സ്വർണവില നിശ്ചയിക്കുന്നത്. ആഗോള സ്വർണവില, ഇറക്കുമതി തീരുവ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് ഇന്ത്യയിലെ സ്വർണവിലയെ പ്രധാനമായി സ്വാധീനിക്കുന്ന ഘടകങ്ങൾ.

English Summary: Gold prices in Kerala rose sharply today, with one sovereign (8g) of 22-carat gold hitting ₹99,880 – up ₹840 in a day.