മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിവ്. ഒരു ഡോളറിന്റെ മൂല്യം 89 രൂപ 95 പൈസയായാണ് കുറഞ്ഞത്. വിദേശ നിക്ഷേപത്തിലെ നഷ്ടവും ആഭ്യന്തര വിപണിയുടെ തകർച്ചയും ആണ് ഇന്ത്യൻ രൂപയുടെ മൂല്യം കുറയാൻ പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിദേശ നിക്ഷേപകർ വിറ്റഴിക്കുന്നതും പിൻവലിക്കുന്നതും രൂപയുടെ മൂല്യത്തെ വല്ലാതെ ബാധിച്ചു. കൂടാതെ രാജ്യത്തേക്കുള്ള ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്യുന്നതും രൂപയുടെ മൂല്യം കുറയാൻ കാരണമാവുന്നു. നിലവിൽ ഇന്ത്യ കൂടുതലായി ഉപയോഗിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വിലയിലും വർധനവുണ്ടായിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ ബ്രെൻഡ് ക്രൂഡിന്റെ വില 0.92 ശതമാനം ഉയർന്നു. ഇതോടെ ഒരു ബാരൽ ബ്രെൻഡ് ക്രൂഡിന്റെ വില 61.20 ഡോളറായി വർധിച്ചു. ആഗോള തലത്തിൽ എണ്ണവിതരണത്തിന്റെ ആവശ്യകത ഉയർന്നത് വില ഉയരാൻ കാരണമായതായി. ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ ഇന്ത്യ പോലുള്ള ഇറക്കുമതി ആശ്രിത രാജ്യങ്ങൾക്ക് കൂടുതൽ ഡോളർ ചെലവഴിക്കേണ്ടിവരുന്നു. ഇതോടെ ഡോളറിന്റെ ആവശ്യകത വർധിക്കുകയും രൂപയ്ക്ക് സമ്മർദ്ദം നേരിടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഇന്ത്യൻ കറൻസിയുടെ മൂല്യത്തിൽ ഇടിവ് സംഭവിക്കാനും പണപ്പെരുപ്പം കൂടാനും സാധ്യത ഉയരുന്നു.
ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിദേശ നിക്ഷേപകർ വിറ്റഴിക്കുന്നതും പിൻവലിക്കുന്നതും രൂപയുടെ മൂല്യത്തെ വല്ലാതെ ബാധിച്ചു.
നിലവിൽ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ, ഓഹരി വിപണിയും നഷ്ടത്തിലാണ്. ബി എസ് ഇ സെൻസെക്സ്സ് നൂറിലധികം പോയിന്റ് താഴ്ന്നു. നിഫ്റ്റി 26,000 എന്ന നിലയ്ക്ക് തൊട്ടുമുകളിലാണ് വ്യാപാരം തുടരുന്നത്. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ഹിൻഡാൽകോ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ അദാനി പോർട്‌സ്, ശ്രീറാം ഫിനാൻസ്, പവർ ഗ്രിഡ് കോർപ്പറേഷൻ, ആക്‌സിസ് ബാങ്ക്, ജിയോ ഫിനാൻഷ്യൽ സർവീസസ് എന്നീ ഓഹരികൾ നഷ്ടം നേരിട്ടു.
English Summary: The Indian rupee weakened sharply amid rising crude oil prices and foreign fund outflows. Brent crude climbed nearly 1%, increasing pressure on the rupee and inflation outlook. Domestic equity markets also opened in the red, with benchmark indices slipping in early trade.