ഓഹരി വിപണിയിൽ റെക്കോർഡ് വില്പന. യു.എസ്–ഇന്ത്യ വ്യാപാര കരാർ വൈകുന്നതും ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞതുമാണ് വിപണിയിലെ അപ്രതീക്ഷിത ചലനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. രാജ്യത്തെ വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ വിപണിയിലെ സാഹചര്യം പ്രതികൂലമായതോടെയാണ് ഓഹരി വിപണിയിൽ ശക്തമായ ഇടിവ് രേഖപ്പെടുത്തിയത്.
മാർച്ച്, മെയ് മാസങ്ങളിൽ ഓഹരികൾ വ്യാപകമായി വാങ്ങിക്കൂട്ടിയ വിദേശ നിക്ഷേപകർ പിന്നീട് ഒന്നടങ്കം വിൽപ്പന നടത്തുകയായിരുന്നു. ആഗോള വിപണികളിലെ അനിശ്ചിതത്വം, അമേരിക്കയിലെ പലിശനിരക്കുകളെക്കുറിച്ചുള്ള ആശങ്കകൾ, കൂടാതെ ഇന്ത്യ–യു.എസ് വ്യാപാര കരാറിലെ പ്രതിസന്ധി എന്നിവയാണ് ഈ മാറ്റത്തിന് പ്രധാന കാരണങ്ങളായി സാമ്പത്തിക ശാസ്ത്രജ്ഞരും, കമ്പനികളും വിലയിരുത്തുന്നത്.
കഴിഞ്ഞ വർഷം വിദേശ നിക്ഷേപകർ 1,52,775 കോടി രൂപയുടെ കടപ്പത്രങ്ങൾ വാങ്ങിയിരുന്നുവെങ്കിൽ, ഈ വർഷം ഇതുവരെ ആകെ നിക്ഷേപം 59,390 കോടി രൂപയിലൊതുങ്ങുകയാണ്. ഇത് ഇന്ത്യയിലേക്കുള്ള വിദേശ മൂലധന പ്രവാഹത്തിൽ ഉണ്ടായ വൻ കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. യു.എസ്–ഇന്ത്യ വ്യാപാര കരാറിൽ തുടരുന്ന പ്രതിസന്ധിയും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും വിദേശ നിക്ഷേപകരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് ബില്ല്യൻസ് സ്ഥാപകനും സി.ഇ.ഒയുമായ അഭിഷേക് ഗോയങ്ക അഭിപ്രായപ്പെടുന്നത്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം കുത്തനെ ഇടിഞ്ഞതോടെ, രൂപ ഏഷ്യയിലെ ഏറ്റവും മോശം കറൻസികളിലൊന്നായി മാറിയതായും അദ്ദേഹം വിലയിരുത്തി.
ആഗോള സാഹചര്യങ്ങൾ അനുകൂലമായാൽ മാത്രമേ വിദേശ നിക്ഷേപകരുടെ വിശ്വാസം വീണ്ടും ശക്തിപ്പെടുകയുള്ളൂവെന്നും, അതുവരെ ഓഹരി വിപണിയിൽ അസ്ഥിരത തുടരാൻ സാധ്യതയുണ്ടെന്നുമാണ് വിപണി വിദഗ്ധരുടെ മുന്നറിയിപ്പ്.
English Summary: Delays in the US–India trade agreement and a sharp depreciation of the Indian rupee have triggered record selling in Indian equity markets. Foreign institutional investors, who were net buyers earlier this year, have turned aggressive sellers amid global uncertainty, US interest rate concerns, and weakening currency fundamentals. The fall in foreign investments highlights growing pressure on Indian markets.