Madism Entertainments

സിനിമയെ തകർക്കരുത്; ‘ജന നായകൻ’ റിലീസ് നീട്ടിയതിൽ പ്രതികരിച്ച് കാർത്തിക് സുബ്ബരാജും, രവി മോഹനും

ചെറിയ സിനിമകളോടുള്ള അവഗണന, സെൻസർ തടസങ്ങൾ, പ്രായോഗികമല്ലാത്ത നിയമങ്ങൾ എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കാർത്തിക് സുബ്ബരാജ്

Entertainment Desk

സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ വിജയ്‌യുടെ ജനനായകന്റെ റിലീസ് മാറ്റിയതിനെതിരെ പ്രതികരിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജും, നടൻ രവി മോഹനും. സിനിമയ്ക്ക് ഇത് കഷ്ടകാലമാണെന്ന രീതിയിലാണ് ഇരുവരും വിഷയത്തെ വിലയിരുത്തിയിരിക്കുന്നത്. ജനുവരി ഒൻപതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം വൈകുന്നതിൽ ആരാധകർ നിരാശ പ്രകടിപ്പിക്കുന്നതിനിടെയാണ് ഈ പ്രതികരണം.

സെൻസർ വിഷയങ്ങളിൽ സിനിമാ മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ് പ്രതികരിച്ചത്. തമിഴ് സിനിമാ വ്യവസായത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ചലച്ചിത്ര പ്രവർത്തകർ ഒന്നിക്കണമെന്ന് സുബ്ബരാജ് ആവശ്യപ്പെട്ടു. ചെറിയ സിനിമകളോടുള്ള അവഗണന, സെൻസർ തടസങ്ങൾ, പ്രായോഗികമല്ലാത്ത നിയമങ്ങൾ എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഉത്സവ സീസണുകളിൽ വലിയ സിനിമകൾ റിലീസ് ചെയ്യാൻ കഴിയാത്ത സാഹചര്യം വ്യവസായത്തെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനുവരി പത്തിന് റിലീസ് ചെയ്യേണ്ട മറ്റൊരു വലിയ ചിത്രമായ 'പരാശക്തി'ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പലയിടത്തും ബുക്കിങ് ഇതുവരെ തുടങ്ങിയിട്ടില്ല എന്നും കാർത്തിക് ചൂണ്ടിക്കാട്ടി.

വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുകയാണ് നടൻ രവി മോഹൻ. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു നടന്റെ വൈകാരിക പ്രതികരണം. വിജയ്‌ ചിത്രത്തിന് പ്രത്യേക റിലീസ് തീയതിയുടെ ആവശ്യമില്ലെന്നും, എന്നാണോ റിലീസ്, അന്നാണ് പൊങ്കൽ എന്നുമായിരുന്നു നടന്റെ പ്രതികരണം. മൂന്ന് ദിവസം മുൻപ് ‘ജന നായകൻ’ ട്രെയ്‌ലറിനെ പ്രശംസിച്ചും രവി മോഹൻ രംഗത്തെത്തിയിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായ സാഹചര്യത്തിൽ സിനിമാ ലോകത്ത് നിന്നുള്ള ഈ പരസ്യ പിന്തുണ വലിയ പ്രാധാന്യത്തോടെയാണ് ആരാധകർ കാണുന്നത്.

English Summary: The release of Vijay’s Jana Nayagan has been postponed due to censor issues, prompting reactions from director Karthik Subbaraj and actor Ravi Mohan.