2025ൽ മികച്ച റേറ്റിങ് നേടിയ ആക്ഷൻ–അഡ്വഞ്ചർ സിനിമകളുടെ പട്ടിക പുറത്തിറക്കി പ്രമുഖ സിനിമാ റിവ്യൂ പ്ലാറ്റ്‌ഫോമായ ലെറ്റർബോക്സ്ഡ്. മലയാള ചിത്രം ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’, തമിഴ് ചിത്രം ‘ബൈസൺ കാലമാഡൻ’, ബോളിവുഡ് ചിത്രം ‘ധുരന്ധർ’ എന്നിവ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ സിനിമകൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ വൻ പ്രതീക്ഷയോടെ എത്തിയ ജെയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രം ‘അവതാർ: ഫയർ ആൻഡ് ആഷ്’ തുടങ്ങി സിനിമകളെ പോലും പിന്നിലാക്കിയാണ് ഇന്ത്യൻ സിനിമകൾ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ലിയനാർഡോ ഡികാപ്രിയോ പ്രധാന വേഷത്തിലെത്തുന്ന പോൾ തോമസ് ആൻഡേഴ്സൺ ചിത്രം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ആണ്. റയാൻ കൂഗ്ലർ സംവിധാനം ചെയ്ത ‘സിന്നേഴ്സ്’ രണ്ടാം സ്ഥാനത്തും, ‘സൂപ്പർമാൻ’, ‘ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ’ എന്നീ ചിത്രങ്ങൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലും ഇടംപിടിച്ചു.
മാരി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘ബൈസൺ കാലമാഡൻ’ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ധ്രുവ് വിക്രം, പശുപതി, രജിഷ വിജയൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് നിരൂപകരിലും പ്രേക്ഷകരിലും നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫോർമുല വൺ റേസിങ് പശ്ചാത്തലത്തിൽ ഒരുക്കിയ ബ്രാഡ് പിറ്റ് ചിത്രം ‘എഫ് വൺ’ ആറാം സ്ഥാനത്താണ്.
മലയാള സൂപ്പർ ഹീറോ ചിത്രം ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ഏഴാം സ്ഥാനമാണ് നേടിയത്. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. കേരളത്തിന് പുറത്തും വിദേശ വിപണികളിലും ശ്രദ്ധ നേടിയ ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് നിർമിച്ചത്. ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ ‘ലോക’ മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷനുകളിൽ ഒന്നായി മാറിയിരുന്നു.
രൺവീർ സിംഗ് നായകനായ ബോളിവുഡ് സ്പൈ ത്രില്ലർ ‘ധുരന്ധർ’ എട്ടാം സ്ഥാനത്താണ്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം റെക്കോർഡ് കളക്ഷനോടെയാണ് മുന്നേറുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം മാർച്ച് 19ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ജെയിംസ് കാമറൂണിന്റെ ‘അവതാർ’ പരമ്പരയിലെ മൂന്നാം ഭാഗമായ ‘ഫയർ ആൻഡ് ആഷ്’ ഒൻപതാം സ്ഥാനത്തും, യൂറോപ്യൻ പശ്ചാത്തലത്തിലുള്ള ആക്ഷൻ–ത്രില്ലർ ചിത്രം ‘റിഫ്ലക്ഷൻ ഇൻ എ ഡെഡ് ഡയമണ്ട്’ പത്താം സ്ഥാനത്തുമാണ് പട്ടികയിൽ ഇടംപിടിച്ചത്.
English Summary: Letterboxd has released its 2025 top-rated action–adventure films list, featuring three Indian movies including the Malayalam superhero film Loka – Chapter One: Chandra, alongside major global releases