Entertainment News

മമ്മൂക്കയാണോ അതോ കുഞ്ഞിക്കയാണോ?; സസ്പെൻസ് ഒളിപ്പിച്ച് ചത്താ പച്ച ട്രെയിലർ

ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ വാൾട്ടർ മമ്മൂട്ടിയാണോ, ദുൽഖർ സൽമാനാണോ എന്ന സംശയം ഇപ്പോൾ ആരാധക സമൂഹത്തിൽ രസകരമായ ചർച്ചയായി മാറിയിട്ടുണ്ട്

Entertainment Desk

WWE റെസ്ലിങ് പശ്ചാത്തലത്തലമായി ഒരുക്കിയ 'ചത്താ പച്ച'യുടെ ട്രെയിലർ പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടി കാമിയോ റോളിലെത്തുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കാമിയോയുടെ സ്വഭാവത്തെക്കുറിച്ച് ട്രെയിലറിൽ വ്യക്തമായ സൂചനകളൊന്നുമില്ലെങ്കിലും ​ഗുസ്തി റിങിൽ അദ്ദേഹമെത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

ട്രെയിലറിലെ അവസാന ഭാഗത്ത് ഒരാൾ പിൻതിരിഞ്ഞ് തലയിൽ കെട്ട് കെട്ടി നിൽക്കുന്ന സീൻ കാണിക്കുന്നുണ്ട്. എന്നാൽ അത് ആരാണെന്ന് വ്യക്തമായി പറയുന്നില്ല. “വാൾട്ടറിന്റെ പിള്ളേരെ തൊടാൻ ഒരുത്തനും വളർന്നിട്ടില്ലഡാ” എന്നൊരു കുട്ടിയുടെ ശബ്ദവും സീനിലുണ്ട്, ഇതാണ് മമ്മൂക്ക മാസ്സ് എഫക്ട് വർദ്ധിപ്പിച്ചിരിക്കുന്നത്.

അതേസമയം ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ വാൾട്ടർ മമ്മൂട്ടിയാണോ, ദുൽഖർ സൽമാനാണോ എന്ന സംശയം ഇപ്പോൾ ആരാധക സമൂഹത്തിൽ രസകരമായ ചർച്ചയായി മാറിയിട്ടുണ്ട്. ട്രെയിലർ അവസാനിക്കുന്നതിന് മുമ്പ് കേൾക്കുന്ന “ചത്താ പച്ച” എന്ന ശബ്ദവും ഈ സംശയത്തെ കൂടുതൽ ബലപ്പെടുത്തുന്നു. ഇത് മമ്മൂട്ടിയുടെ ശബ്ദമാണെന്നും പുറംതിരിഞ്ഞു നിൽക്കുന്ന ലുക്ക് മമ്മൂട്ടിയെപോലെയും ദുൽഖർ സൽമാനെപോലെയും ഉണ്ട് എന്നൊക്കെയാണ് കമന്റ് ബോക്സുകൾ ചർച്ച ചെയ്യുന്നത്.

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ഛായാഗ്രഹണം: ആനന്ദ് സി. ചന്ദ്രൻ, ആക്ഷൻ: കലൈ കിംഗ്‌സൺ, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, രചന: സനൂപ് തൈക്കൂടം, അതോടൊപ്പം ഇന്ത്യയിലെ മികച്ച സംഗീത കൂട്ടുകെട്ടിൽ ഒന്നായ ശങ്കർ- എഹ്‌സാൻ- ലോയ്, മലയാളത്തിൽ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ചത്ത പച്ച.

ധർമ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, വേഫെറർ ഫിലിംസ്, പിവിആർ ഐനോക്സ് പിക്‌ചേഴ്സ്, ദ പ്ലോട്ട് പിക്‌ചേഴ്സ് എന്നിവരുടെ വിതരണ സഹകരണത്തോടെ 2026 ജനുവരി 22-ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചത്താ പച്ച റിലീസ് ചെയ്യും.

English Summary: The trailer of Chatha Pacha, set against WWE-style wrestling, has intrigued fans with suspense over a cameo—sparking debate whether Mammootty or Dulquer Salman appears in the final scene. The film releases on January 22, 2026, in multiple Indian languages.