തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങളിൽ ഒന്നാണ് തലൈവർ രജനികാന്തിന്റെ ജയിലർ 2. രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലറിന്റെ ആദ്യ ഭാഗത്തിൽ രജനിക്കൊപ്പം, മോഹൻലാൽ, ശിവ രാജ്കുമാർ, രമ്യ കൃഷ്ണൻ, ജാക്കി ഷ്രോഫ്, വിനായകൻ അടക്കമുള്ള വമ്പൻ താരനിരയുണ്ടായിരുന്നു. വിവിധ ഇൻഡസ്ട്രികളിലെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിൽ ബോളീവുഡിന്റെ താരചക്രവർത്തി ഷാരൂഖ് ഖാനും കാമിയോ കഥാപാത്രമായി എത്തുന്നുണ്ട് എന്നാണ് നടൻ മിഥുൻ ചക്രവർത്തി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ബംഗാളി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മിഥുന്‍റെ വെളിപ്പെടുത്തല്‍.
തലൈവരും, മേഘ്‌ന രാജ് സർജയും, വിജയ് സേതുപതിയും, മോഹൻലാലും, വിനായകന്‍ തുടങ്ങിയ വമ്പന്മാരുടെ ഇടയിലേക്ക് കിംഗ് ഖാൻ കൂടെ കടന്നു വരുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകർ. ആദ്യ ഭാഗത്തെക്കാൾ രണ്ടാം ഭാഗം വിജയം കൊയ്യുമെന്നും ആരാധകർ പ്രതീക്ഷയുണ്ട്.
രജനികാന്ത്- ലോകേഷ് ചിത്രമായ 'കൂലി'യിൽ ആമിർ ഖാൻ അവതരിപ്പിച്ച വേഷത്തിലേക്ക് ഷാരൂഖിനെ പരിഗണിച്ചിരുന്നു. റിപ്പോർട്ടുകള്‍ ശരിയാണെങ്കില്‍ ആദ്യമായിട്ടായിരിക്കും രജിനികാന്തും ഷാരൂഖ് ഖാനും ഒരുമിക്കുന്നത്. 2011-ൽ പുറത്തിറങ്ങിയ ഷാരൂഖിന്റെ 'രാ.വണി'ൽ രജിനിയുടെ എന്തിരൻ കഥാപാത്രം 'ചിട്ടി' കാമിയോ ആയി എത്തിയിരുന്നു. 2013-ൽ ഷാരൂഖും ദീപികയും ഒന്നിച്ച 'ചെന്നൈ എക്‌സ്പ്രസി'ൽ, രജിനികാന്തിന് ആദരവായി 'ലുംഗി ഡാൻസ്' എന്ന ഗാനം ഉൾപ്പെടുത്തിയത് വലിയ വിജയമായി മാറിയിരുന്നു.
തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള ;ചിത്രമാണ് ജയിലര്‍ 2. ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 600 കോടിയിലധികമാണ് ആദ്യ ഭാഗം നേടിയത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബോളീവുഡ് താരം വിദ്യ ബാലനും ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നതായി റിപ്പോർട്ടുകളുണ്ട്. അടുത്ത വർഷം ജൂൺ 12നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
English Summary: Rajinikanth’s Jailer 2, Reports suggest Bollywood superstar Shah Rukh Khan may appear in a cameo, as revealed by actor Mithun Chakraborty, though no official confirmation has been made.