Actor Vijay Image Credit: Jana Nayakan Movie
Entertainment News

'ജന നായകന്' വീണ്ടും 'സ്റ്റേ'; ചിത്രം തീയേറ്ററുകളിൽ എത്തുന്നത് പൊങ്കൽ അവധിക്കു ശേഷം?

തങ്ങളുടെ ഭാഗം ക‍ൃത്യമായി പറയുവാനും സത്യവാങ് മൂലം സമർപ്പിക്കുവാനും അവസരം ലഭിച്ചില്ലെന്ന്സെൻസർ ബോർഡ്

Entertainment Desk

സൂപ്പർ താരം വിജയ് നായകനാകുന്ന ജനനായകന് വീണ്ടും പ്രദർശന വിലക്ക്. സെന്‍സർ ബോർഡ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയിലാണ് പുതിയ സ്റ്റേ. ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനാണ് നിർമാതാക്കളുടെ തീരുമാനം. സുപ്രീം കോടതിയില്‍ നിന്നും അനുകൂലമായ വിധി ലഭിച്ചില്ലെങ്കില്‍ പൊങ്കലിന് ശേഷമായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. 21ന് ശേഷമാണ് കേസ് പരിഗണിക്കുക.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വലിയ ആശങ്കകൾക്കാണ് സിനിമാലോകം സാക്ഷ്യം വഹിച്ചത്.പൊങ്കൽ റിലീസായി തീയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് വൈകുകയായിരുന്നു. അണിയറ പ്രവർത്തകർ കോടതിയെ സമീപിച്ചതോടെ വിവാദങ്ങൾക്കൊടുവിൽ ഇന്ന് രാവിലെ മദ്രാസ് ഹൈക്കോടതി ചിത്രത്തിന് പ്രദർശനാനുമതി അനുവദിക്കാൻ ഉത്തരവിറക്കിയിരുന്നു. എന്നാൽ തങ്ങളുടെ ഭാഗം ക‍ൃത്യമായി പറയുവാൻ കോടതി അവസരം നൽകിയില്ലെന്നും സത്യവാങ് മൂലം സമർപ്പിക്കുവാനും അവസരം ലഭിച്ചില്ലെന്നുമുള്ള സെൻസർ ബോർഡ് വാദം അംഗീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച തീരുമാനം നിലനിർത്തി. എന്തിനാണ് ഇത്ര തിടുക്കമെന്നാണ് കോടതി നിര്‍മാതാക്കളോട് ചോദിച്ചത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിക്കാന്‍ കഴിയുമോ എന്നും കോടതി കുറ്റപ്പെടുത്തി. കോടതിയെ അനാവശ്യമായി സമ്മർദത്തിൽ ആക്കുന്നത് എന്തിനെന്നും നിര്‍മാതാക്കളോട് കോടതി ആരാഞ്ഞു.

സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ചുവടുറപ്പിക്കുന്നത്തിന്റെ ഭാഗമായി സിനിമയിൽ നിന്നും വിരമിക്കുന്ന വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണ് 'ജന നായകൻ'. എച്ച് വിനോദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. വിജയ്ക്ക് പുറമെ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്

English Summary: Vijay’s final film Jan Nayakan, made before his entry into active politics, has run into legal trouble after an interim stay was imposed on its release permission.