ഈ വർഷം ഏപ്രിലിലും വിജയ്യുടെ 'ജനനായകൻ' തിയറ്ററുകളില്‍ എത്തില്ലെന്ന നിരാശപ്പെടുത്തുന്ന വാർത്തയാണ് ആരാധകരെ തേടിയെത്തിയിരിക്കുന്നത്. കനേഡിയൻ ഡിസ്‍ട്രിബ്യൂഷൻ കമ്പനിയായ യോര്‍ക്ക് സിനിമാസാണ് 'ജനനായകന്റെ' റിലീസ് സംബന്ധിച്ച ഈ അപ്‍ഡേറ്റ് നല്‍കിയിരിക്കുന്നത്. 2026 ഏപ്രില്‍ 30ന് മുമ്പ് 'ജനനായകൻ' റിലീസ് ഉണ്ടാകില്ല എന്നതിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ യോര്‍ക്ക് സിനിമാസ് പുറത്തുവിട്ടു.
കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി 'ജനനായകന്‍' സിനിമയുടെ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. കേസുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാമെന്നുമായിരുന്നു നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്. ഇനിയും നിയമ പോരാട്ടം തുടര്‍ന്നാല്‍ റിലീസ് അനിശ്ചിതത്വം തുടരുമെന്നതാണ് നിര്‍മ്മാതാക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തൽ.
മാത്രമല്ല, തമിഴ്നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, റിലീസ് പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വരാനും, കൂടുതല്‍ നിയമ കുരുക്കുകളിലേക്ക് ഇത് കടക്കാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, ചിത്രത്തിന്റെ റിലീസ് നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് നീളും. മാത്രമല്ല, തെരഞ്ഞെടുപ്പില്‍ ടിവികെയ്ക്ക് തിരിച്ചടി നേരിട്ടാല്‍ ചിത്രത്തിന്റെ ഹൈപ്പ് താഴേക്ക് പോകാനും സാധ്യതയുണ്ട്.
ഇന്ത്യയിലും പുറത്തും നിരവധി ആരാധകരുള്ള വിജയ്യുടെ രാഷ്ട്രീയപ്രവേശനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ അവസാന സിനിമ എന്ന പേരിൽ പുറത്തിറങ്ങാനിരുന്ന ജനനായകൻ വൻ ഹൈപ്പാണ് സൃഷ്ടിച്ചിരുന്നത്. നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മൗനം പാലിക്കുകയാണെങ്കിലും, ചിത്രം 2026 മെയ് അല്ലെങ്കിൽ ജൂണിൽ റിലീസ് ചെയ്തേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
English Summary: The release of Vijay’s highly anticipated film Jananaayagan has been pushed beyond April 2026, disappointing fans worldwide.