'ജനനായകന്' പ്രദർശനാനുമതി നൽകാത്തതിൽ പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തിൽ സെൻസർ ബോർഡിനെയും മോദി സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ജ്യോതിമണി. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറങ്ങാനിരുന്ന സിനിമയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) സർട്ടിഫിക്കറ്റ് നൽകാത്തത് തമിഴ് സിനിമാ വ്യവസായത്തിന് നേരെയുള്ള തുറന്ന കടന്നാക്രമണമാണെന്ന് ജ്യോതിമണി ആരോപിച്ചു. സിനിമയിൽ നിന്നും വിരമിക്കുന്ന വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണ് 'ജനനായകൻ'. പൊങ്കൽ റിലീസായി എത്താനിരുന്ന ചിത്രം പല കാരണങ്ങൾ ഉന്നയിച്ച് വൈകിപ്പിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് എംപിയുടെ പ്രതികരണം.
ഇഡി (ED), സിബിഐ (CBI), ഇൻകം ടാക്‌സ് വകുപ്പുകളെ പോലെ സെൻസർ ബോർഡും മോദി സർക്കാരിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള 'രാഷ്ട്രീയ ആയുധ'മായാണ് പ്രവർത്തിക്കുന്നത്. സാങ്കേതികവിദ്യ ഇത്രയേറെ പുരോഗമനം പ്രാപിച്ച കാലഘട്ടത്തിൽ സെൻസർ ബോർഡ് കാലഹരണപ്പെട്ട സ്ഥാപനമാണെന്നും, ഒരു സിനിമ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം ജനങ്ങൾക്കാണെന്നും ജ്യോതിമണി എക്സില്‍ കുറിച്ചു.
ജ്യോതിമണിയുടെ പോസ്റ്റിന്റെ പൂർണരൂപം:
'ജനനായകൻ' സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നിഷേധിച്ചതിൽ ശക്തമായി അപലപിക്കേണ്ടതാണ്. ഇത് തമിഴ് സിനിമാ ഇൻഡസ്ട്രിക്ക് നേരെയുള്ള തുറന്ന ആക്രമണമാണ്. നമ്മുടെ രാഷ്ട്രീയ ഭിന്നതകളും, ഇഷ്ടാനിഷടങ്ങളും മറ്റും മാറ്റിനിർത്തി, അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിയും ഇതിനെ അപലപിക്കണം.
നൂറുകണക്കിന് ആളുകളുടെ കഠിനാധ്വാനത്തിലൂടെയും കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തിലൂടെയും നിർമ്മിക്കപ്പെടുന്നതാണ് ഒരു സിനിമ.
ഈ രീതിയിൽ സിനിമയെ അടിച്ചമർത്താൻ ശ്രമിക്കുന്നത് സർഗ്ഗാത്മക സ്വാതന്ത്ര്യത്തിന് തികച്ചും വിപരീതമായ കാര്യമാണ്. രാഷ്ട്രീയ കാരണങ്ങളാൽ അടിച്ചമർത്തുന്നത് അതിനേക്കാളും അപകടകരമാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായ നികുതി വകുപ്പ് എന്നിവയ്ക്ക് ശേഷം, ഇപ്പോൾ സെൻസർഷിപ്പ് ബോർഡ് മോദി സർക്കാരിൻ്റെ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു. ഇതിൻ്റെ നിശബ്ദ കാഴ്ചക്കാരായിരിക്കാൻ നമുക്ക് സാധിക്കുകയില്ല.
ഏതാനും വർഷങ്ങൾ സെൻസർഷിപ്പ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു പരിചയമുള്ളതിനാൽ ബോർഡിന്റെ പ്രവർത്തന രീതികളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എൻ്റെ അഭിപ്രായത്തിൽ, സാങ്കേതികവിദ്യയുടെ ഈ കാലത്ത്, സെൻസർഷിപ്പ് ബോർഡ് കാലഹരണപ്പെട്ട ഒരു സ്ഥാപനമാണ്. ഒരു സിനിമ സ്വീകരിക്കണമോ നിരസിക്കണമോ എന്നത് ജനങ്ങളുടെ കയ്യിലാണ്.
നമ്മൾ ചിത്രങ്ങൾ സെൻസർ ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ, ടിവി, യൂട്യൂബ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ലക്ഷക്കണക്കിന് സെൻസർ ചെയ്യാത്ത വീഡിയോകളും രംഗങ്ങളും പ്രചരിക്കുന്നുണ്ട്. കോടിക്കണക്കിന് ആളുകൾ അവ കാണുന്നു. ഈ സാഹചര്യത്തിൽ, സിനിമകൾ മാത്രം സെൻസർ ചെയ്യുന്നതു കൊണ്ട് മാറ്റമൊന്നും വരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്നതോ, ഇരട്ട അർത്ഥങ്ങളുള്ള വാക്കുകൾ ഉപയോഗിക്കുന്നതോ സെൻസർഷിപ്പ് മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് തെറ്റാണ്. എന്നിരുന്നാലും, അത്തരം ഘടകങ്ങളില്ലാതെ പുറത്തിറങ്ങുന്ന സിനിമകൾ വളരെ കുറവാണ്. സെൻസർഷിപ്പ് ബോർഡ് ഇത്തരം കാര്യങ്ങളിൽ വളരെ അപൂർവ്വമായി മാത്രമേ ശ്രദ്ധ നൽകാറുള്ളൂ, അവയ്ക്ക് സർട്ടിഫിക്കറ്റ് നിഷേധിക്കാറില്ല - ഇതും ശ്രദ്ധിക്കണം.
അതുകൊണ്ട്, സെൻസർ ബോർഡിൽ പരിഷ്കരണം അനിവാര്യമാണ്. ഒരു രാഷ്ട്രീയ ആയുധമായി ബോർഡിനെ ഉപയോഗിക്കുന്നതിനെതിരെ ശക്തമായി എതിർക്കണം.
English Summary: Congress MP Jyothimani strongly criticized the CBFC and the Modi government over the delay in granting censor certification to Vijay’s film Jananayakan.