ചെന്നൈ: കേരളാ നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയാശംസകൾ നേർന്ന് തമിഴ് നടൻ കമൽഹാസൻ. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്റെ ആശംസ. കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ ദശാബ്ദത്തെക്കുറിച്ച് ചിന്തിച്ച് ശരിയായ തീരുമാനം എടുക്കണമെന്നും സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായമാണെന്നും കമൽഹാസൻ കുറിച്ചു.
'കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് എല്ലാവിധ ആശംസകളും നേരുന്നു. എല്ലാത്തിനുമുപരി കേരളം എന്റെ കൂടിയാണ് എന്നാണ് കമൽ ഹാസൻ കുറിച്ചത്. ചില പ്രത്യേക കാരണങ്ങളാൽ എനിക്ക് മറ്റൊരു സംസ്ഥാനത്ത് പദവികൾ ലഭിക്കുന്നുണ്ടെങ്കിലും കേരളവുമായി എനിക്ക് വൈകാരികമായ ബന്ധം ഉണ്ടെന്നും അതിനാൽ, കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ ദശാബ്ദത്തെക്കുറിച്ച് ചിന്തിച്ച് ശരിയായ തീരുമാനം എടുക്കണം എന്നും കമൽ ഹാസൻ വ്യക്തമാക്കി. സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായമാണ് എന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. സർക്കാരിന്റെ പല പരിപാടികളിലും കമൽ ഹാസൻ വിശിഷ്ടാതിഥിയായി എത്തിയിരുന്നു.
അതേസമയം ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് മുഖ്യമന്ത്രി ഇന്ന് തുടക്കമിടും. കണ്ണൂരിൽ ഇന്ന് വൈകിട്ട് 3.30ന് റോഡ് ഷോ ഉണ്ടായിരിക്കും. സ്വന്തം മണ്ഡലമായ ധർമ്മടത്ത് ഇന്ന് മുഖ്യമന്ത്രി വോട്ടർമാരെ കാണും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി മണ്ഡലത്തിലെത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രചാരണ വേദികളിൽ പിണറായി വിജയൻ സജീവമാകുമെന്നാണ് സൂചന.
English Summary: Actor Kamal Haasan extended his wishes to Pinarayi Vijayan ahead of the Kerala Legislative Assembly elections, highlighting his emotional connection with Kerala and urging voters to make thoughtful decisions. Meanwhile, Vijayan is set to begin his election campaign with a roadshow in Kannur.