ബോക്സ് ഓഫീസിൽ കുതിക്കുന്ന 'ധുരന്ധർ' സിനിമയെ അനുപമ ചോപ്രയുടെ മുന്നിൽവച്ചു പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. ഫിലിം ക്രിട്ടിക് അനുപമ ചോപ്രയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് കരൺ ജോഹർ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്. ‘ധുരന്ധർ’ തിയറ്ററിൽ കണ്ടപ്പോൾ പൂർണമായും അതിശയിപ്പിച്ചുവെന്ന് കരൺ ജോഹർ പറഞ്ഞു. സ്വന്തം സംവിധാന ശൈലി ഈ ചിത്രത്തിന് മുന്നിൽ പരിമിതമാണെന്ന് തോന്നി, സംവിധായകൻ അദിത്യ ധറിന്റെ ദൃശ്യാവിഷ്കാരം, പശ്ചാത്തല സംഗീതത്തിന്റെ ഉപയോഗം, സൂക്ഷ്മമായ കഥാപറച്ചിൽ എന്നിവയെ കുറിച്ചും കരൺ പ്രത്യേകം എടുത്തുപറഞ്ഞു
അഭിപ്രായവ്യത്യാസങ്ങളെ ബഹുമാനിക്കുന്നുവെന്നും ഓരോരുത്തർക്കും സ്വന്തം കാഴ്ചപ്പാടുകളുണ്ടെന്നും കരൺ വ്യക്തമാക്കി. ഈ ചിത്രം തന്റെ സംവിധായകജീവിതത്തെ സ്വയം വിലയിരുത്താൻ പ്രേരിപ്പിച്ചുവെന്നും അത് നല്ല അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ 5ന് തിയറ്ററുകളിലെത്തിയ ‘ധുരന്ധർ’ ഇന്ത്യയിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമായി മാറി. രൺവീർ സിംഗ് നായകനായ ചിത്രത്തിൽ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ റാംപാൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമയുടെ രണ്ടാം ഭാഗം 2026 മാർച്ച് 19ന് റിലീസ് ചെയ്യുമെന്നുമാണ് സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ അറിയിച്ചത്.
English Summary: Bollywood director Karan Johar praised Dhurandhar in front of Anupama Chopra, highlighting its visuals, music, and storytelling. The film stars Ranveer Singh and others and is a box office hit.