നടിപ്പിൻ നായകൻ സൂര്യയും, തെന്നിന്ത്യൻ നായിക തൃഷയും രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രം 'കറുപ്പി'ന്റെ ഒടിടി അവകാശങ്ങൾ വൻ തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. മാസ് കൊമേഴ്സ്യല്‍ എന്റർടൈനർ ആയൊരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ ജെ ബാലാജിയാണ്. 2025ൽ റിലീസ് ചെയ്യും എന്നറിയിച്ചിരുന്ന ചിത്രത്തിന്‍റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ തീർപ്പാക്കാത്തതിനാൽ റിലീസ് മാറ്റിവെച്ചിരുന്നു. എന്നാൽ ചിത്രം 2026 ഫെബ്രുവരിയിൽ റിലീസിനെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
മുൻ സിനിമകളിൽ നിന്നും വ്യത്യസ്തമായ മേക്കോവറിലാണ് സൂര്യയെയും തൃഷയെയും 'കറുപ്പി'ൽ കൊണ്ടുവന്നിരിക്കുന്നത്. ‘മൗനം പേസിയതേ’, ‘ആറു’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഈ ഹിറ്റ് ജോഡികൾ വീണ്ടും സ്ക്രീനിലെത്തുന്നത് വലിയ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയും കറുപ്പിന്റെ ഭാഗമാകുന്നുണ്ട്.
ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി അവകാശങ്ങൾ റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത് എന്നാണ് വിവരം. പൊങ്കൽ റിലീസ് ആയി ചിത്രം എത്തിക്കാനാണ് നിലവിൽ നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. ഔദ്യോഗികമായ റിലീസ് തീയതി വരും ദിവസങ്ങളിൽ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുരസ്‌ക്കാര ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് 'കറുപ്പി'ന്റെ ഗംഭീരമായ സെറ്റുകൾ രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. ഹിറ്റ് സെൻസേഷനായ ഗാനങ്ങൾ ഒരുക്കിയ സായ് അഭ്യാങ്കറാണ് 'കറുപ്പി'നായി സംഗീതം ഒരുക്കിയത്. കൂടാതെ ഗംഭീര ചിത്രങ്ങൾക്ക് പിന്നിലെ ലെൻസ്‍മാൻ ആയി പ്രവർത്തിച്ച ജി കെ വിഷ്‍ണുവാണ് ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കലൈവാനൻ ആണ് 'കറുപ്പി'ന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. മികച്ച ആക്ഷൻ കൊറിയോഗ്രാഫിയിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ മൂന്ന് സ്റ്റണ്ട് കോർഡിനേറ്റർമാരായ അൻബറിവ്, വിക്രം മോർ ജോഡികളാണ് 'കറുപ്പി'ലെ ആക്ഷൻ സീക്വൻസുകൾ നിർവഹിച്ചിരിക്കുന്നത്.
English Summary: Karuppu, a mass commercial entertainer starring Suriya and Trisha together after two decades, is directed by RJ Balaji. Ahead of its expected February theatrical release, Netflix has acquired the film’s satellite and OTT rights for a massive sum.