സിനിമ മേഖലയെ സർക്കാർ കാണുന്നത് കറവപ്പശുവിനെപ്പോലയെന്ന് നിർമാതാവ് സുരേഷ് കുമാർ. വിനോദ നികുതിയെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും തീരുമാനമാവാതെയാണ് മുന്നോട്ടുപോകുന്നത്. ഇടയ്ക്ക് വിനോദ നികുതി നിർത്തലാക്കിയിട്ടും വീണ്ടും കൊണ്ടുവന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സർക്കാർ നടത്തിയ കോൺക്ലേവ്, ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷ ഉണ്ടാക്കി. എന്നാൽ ഇതൊരു കണ്ണിൽപ്പൊടിയിടുന്ന പോലെ ആയിരുന്നെന്നും, യാതൊരു മാറ്റവും നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ കോടിക്കണക്കിനു രൂപ സബ്‌സിഡി ഇനത്തിൽ സിനിമക്ക് നൽകുന്നുണ്ട്. എന്നാൽ കേരളത്തിൽ നൽകുന്നത് തുച്ഛമായ തുകയാണെന്നും മൂക്കിൽപൊടി വലിക്കാൻ പോലും തികയില്ലെന്നും സുരേഷ് കുമാർ പറയുന്നു. കേരളത്തിൽ സബ്സിഡിയായി നൽകുന്നത് അഞ്ചുലക്ഷം രൂപയാണ്. നീണ്ട പത്തു കൊല്ലമായി ഭരിക്കുന്ന സർക്കാർ സിനിമ മേഖലയ്ക്കായി ഒന്നും തന്നെ ചെയ്തിട്ടില്ല, കിട്ടുന്നതെല്ലാം അങ്ങോട്ട് എടുക്കുകയും, തിരിച്ചൊന്നും തരാത്ത അവസ്ഥയാണ്. ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന വ്യവസായ മേഖലയായിട്ടും, ആടിനെ പ്ലാവില കാണിച്ചു കൊതിപ്പിക്കുന്നത് പോലെയാണ് സർക്കാർ സിനിമ മേഖലയെ പറ്റിക്കുന്നതെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസും വിമർശിച്ചു.
സിനിമ സംഘടനകളുടെ പ്രതിനിധി വാർത്ത സമ്മേളനത്തിലാണ് ഇരുവരും ഇക്കാര്യങ്ങൾ പറഞ്ഞത്. സർക്കാരിനെതിരെ സിനിമ സംഘടനകൾ ജനുവരി 21ന് സൂചന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അമ്മ, പ്രൊഡ്യൂസഴ്സ് അസോസിസിയേഷൻ, ഫിലിം ചേംബർ തുടങ്ങിയ സിനിമ സംഘടനകളാണ് സമരത്തിനൊരുങ്ങുന്നത്. ഷൂട്ടിങ്ങുകൾ നിർത്തിവെച്ചും, തിയറ്റർ അടച്ചിട്ടുമാണ് സൂചന പണിമുടക്ക് നടത്തുന്നത്. ഇതിനുശേഷം സർക്കാർ അനുനയന ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ സമരം തുടരാനാണ് സിനിമ സംഘടനകളുടെ തീരുമാനം.
English Summary: Producer Suresh Kumar and Film Chamber President Anil Thomas criticized the Kerala government for neglecting the film industry.