Entertainment News

'ആയിഷ'യുടെ മൂന്നു വർഷങ്ങൾ; ആമിർ പള്ളിക്കലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ

2023ൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലും അറബിയിലും മറ്റു ഇതര ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും റിലീസ് ചെയ്തിരുന്നു

Madism Desk

ആദ്യ കൊമേഴ്ഷ്യൽ മലയാള-അറബിക് ചിത്രമായ 'ആയിഷ'യുടെ മൂന്ന് വർഷങ്ങളുടെ ഓർമ്മ പങ്കുവെച്ച് മഞ്ജു വാര്യർ. സംവിധായകൻ ആമിർ പള്ളിക്കലിനൊപ്പമുള്ള ചിത്രത്തിനൊപ്പം ആയിഷ എന്നും തൻ്റെ ഹൃദയത്തിലുള്ള കഥാപാത്രമാണെന്ന് കുറിച്ചു കൊണ്ടാണ് മ‍ഞ്ജു ഓർമ്മ പുതുക്കിയത്. 2023ൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലും അറബിയിലും മറ്റു ഇതര ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും റിലീസ് ചെയ്തിരുന്നു.

നടിയായ നിലമ്പൂർ ആയിഷയുടെ ജീവിതകഥയെ ആധാരമാക്കി ഒരുങ്ങിയ ചിത്രമാണ് ആയിഷ. അവരുടെ പ്രവാസി ജീവിതത്തിലെ യാഥാർഥ്യങ്ങൾ പൂർണമായും ഗൾഫിൽ വെച്ചായിരുന്നു ചിത്രീകരിച്ചത്. ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രം നിരൂപണ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.

ഇന്ത്യയുടേയും അറബിക് പശ്ചാത്തലത്തിലും ഒരുങ്ങിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ആഷിഫ് കക്കോടി ആയിരുന്നു. 1980 കളിൽ പ്രവാസജീവിതം തിരഞ്ഞെടുക്കുന്ന നായികയും അറബ് കുടുംബത്തിലെ ഗൃഹനാഥയും തമ്മിലുള്ള ആത്മബന്ധം പറയുന്നതായിരുന്നു ചിത്രം.

തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ഇതര രാജ്യത്തെ കലാകാരന്മാർക്കും സംവിധായകൻ അവസരം നൽകിയിരുന്നു. ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രവും വസ്ത്രങ്ങങ്ങളും പ്രഭുദേവ ഒരുക്കിയ ചുവടുകളും ഇപ്പോഴും പ്രേക്ഷകർ ചർച്ച ചെയ്യുന്നുണ്ട്.

English Summary: Actress Manju Warrier marked three years of the Malayalam–Arabic film Ayesha by sharing memories and a photo with director Aamir Pallikal