'കലണ്ടർ' സിനിമയിലെ വൈറലായ 'പച്ചവെള്ളം തച്ചിന്' എന്ന ഗാനരംഗവുമായി തനിക്ക് ബന്ധമുണ്ടെന്ന് നടി മീനാക്ഷി. 2009 ല്‍ പുറത്തെത്തിയ ഈ ഗാനം ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ട്രെന്‍ഡിങ് ആയത്. പിന്നാലെ അതിന്‍റെ 4 കെ പതിപ്പും പുറത്തിറങ്ങിയിരുന്നു. ഗാനത്തിൽ, നായകനായ പൃഥ്വിരാജും സുഹൃത്തുക്കളും ചേര്‍ന്ന് ബൈക്ക് യാത്ര നടത്തുന്ന രംഗത്തിൽ, പൃഥ്വിരാജിനൊപ്പം ബൈക്ക് ഓടിക്കുന്നവരില്‍ ഒരാള്‍ തന്‍റെ അച്ഛനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മീനാക്ഷി.
'അന്ന് ട്രെന്‍ഡ് ആയിരുന്ന യമഹ ആര്‍ 15 ബൈക്കുകളാണ് എല്ലാവരും ഓടിക്കുന്നത്,' മീനാക്ഷി കുറിച്ചു. അത് അച്ഛന്റെ സ്വന്തം ബൈക്ക് ആണെന്നും, അദ്ദേഹം ഒരു വലിയ വാഹന പ്രേമി ആണെന്നും മീനാക്ഷി കൂട്ടിചേർത്തു. 'ഒരു യമണ്ടൻ യമഹക്കഥ' എന്ന തലക്കെട്ടോടെയാണ് മീനാക്ഷി കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
മീനാക്ഷിയുടെ കുറിപ്പ്:
'ഒരു യമണ്ടൻ യമഹക്കഥ'- ഈ ഫോട്ടോയിൽ കാണുന്ന R 15 റെഡ് ബൈക്കിൽ ഒരെണ്ണം എൻ്റെ അച്ഛൻ്റേതാണ്. അച്ഛനീ കഥ ഇടയ്ക്ക് പറയാറുണ്ട്. അച്ഛനാണെങ്കിൽ ബൈക്ക് പ്രാന്തൻ ന്ന് പറഞ്ഞാ കുറഞ്ഞ് പോവും കൊച്ചച്ഛനും മോശമല്ല. ബൈക്ക് ഇപ്പഴും എൻ്റെ വീടിൻ്റെ മുൻവശത്ത് തന്നെയുണ്ട്. അന്നത്തേപ്പോലെ പെയിൻ്റ് പോലും മങ്ങിയിട്ടില്ല. ഒരു ടച്ചിൽ തന്നെ ക്വിക്ക് സ്റ്റാർട്ട്. ഇപ്പഴും പൊന്നുപോലെ നോക്കുന്നു. ഞാൻ കുറച്ച് കൂടി ചെറുതായിരുന്നപ്പോൾ ഈ ബൈക്ക് വീടിൻ്റെ മുറ്റം വഴി ഓടിച്ചതിന് കേസ് പോലും വന്നിരുന്നു. യൂ ട്യൂബിൽ 'baby meenakshi bike ride' ന്നൊക്കെ കൊടുത്താ കിട്ടും.
അച്ചൻ പറത്തിട്ടുള്ളതനുസരിച്ച്, ഈ സിനിമയ്ക്കു വേണ്ട R 15 കൾ അന്ന് കുറവായിരുന്നു. കോട്ടയം ഷോറൂമിൽ നിന്ന് അന്ന് കളത്തിപ്പടിയിൽ നിന്ന് കോട്ടയത്തെ ആദ്യ വണ്ടികളിലൊന്ന് അച്ഛൻ സംഘടിപ്പിച്ചിരുന്നു. വീട്ടിൽ ആള് വന്നു, 'വണ്ടിയൊന്ന് വേണം ഷൂട്ടിങ്ങിന് പൃഥ്വിരാജിൻ്റെ സിനിമയാണ്' എന്ന് പറഞ്ഞു. പക്ഷെ അച്ചൻ ബൈക്ക് കൊടുക്കാൻ തയാറല്ല. അന്നത്തെ സർവ്വീസ് സൂപ്പർവൈസർ ഫിലിപ്പ് ചേട്ടനുമായി അച്ഛൻ നല്ല അടുപ്പമായിരുന്നു. ആള് വല്ലാണ്ട് നിർബന്ധിച്ച് ഒരു പോറൽ പോലും ഏൽപിക്കില്ല എന്നു പറഞ്ഞാണ് സംഗതി കൊണ്ടുപോയത്. ഇതൊക്കെയാണെങ്കിലും, ബൈക്ക് ആവശ്യപ്പെട്ടപ്പോൾ അച്ഛന് ഒരു കണ്ടീഷനുണ്ടായിരുന്നു. ബൈക്ക് വേറൊരാൾക്ക് കൈമാറി ഓടിക്കാൻ കൊടുക്കില്ലന്നായിരുന്നു അത്. ആ രംഗത്തിലെ ബൈക്കുകൾ എല്ലാം തന്നെ അതിൻ്റെ ഉടമസ്ഥർ തന്നെയാണ് ഓടിച്ചിട്ടുള്ളത്.
ഇപ്പോൾ ആ പാട്ട് വൈറലായി. ബൈക്കിൽ വരുന്നവരിൽ രണ്ട് പേരാണ് സൺഗ്ലാസ്സ് വെച്ചിട്ടുള്ളത് ഒന്ന് എൻ്റെ അച്ഛൻ, മറ്റെയാൾ പൃഥിരാജും. അച്ഛൻ്റെ സിനിമയോടുള്ള ഇഷ്ടം കൊണ്ടു കൂടിയാണ് ഞാനും എൻ്റെ അനിയനും ഇന്നും സിനിമയിൽ നിൽക്കുന്നത്. ഇന്നും അന്നത്തെ R 15 ബന്ധങ്ങൾ അച്ഛൻ സൂക്ഷിക്കുന്നുണ്ട്. അന്ന് കളത്തിപ്പടി സർവ്വീസ് സെൻററിൽ ഉണ്ടായിരുന്ന, അച്ഛൻ്റെ ഭാഷയിൽ പറഞ്ഞാൽ, കമ്പനി ട്രെയിനിംഗ് കിട്ടിയ പ്രശാന്ത് ചേട്ടനാണ് ഇപ്പോഴും ഞങ്ങടെ ബൈക്കിൻ്റെ ഔദ്യോഗിക മെക്കാനിക്ക്, പുള്ളിക്ക് കോട്ടയം കുമരകം റൂട്ടിൽ കഞ്ഞിരം ജെട്ടി പാലത്തിനടിയിൽ ദിയ ഓട്ടോ മൊബൈൽ എന്നൊരു വർക്ക്ഷോപ്പുമുണ്ട്. ഈ യമഹ R 15 എൻ്റെയും പ്രിയപ്പെട്ടവനാണ്. പ്രിയപ്പെട്ട സ്റ്റാറായി രാജു അങ്കിളും എൻ്റൊപ്പം വന്നു. രണ്ട് പേരും എന്നും എപ്പോഴും എനിക്കും പ്രിയപ്പെട്ടർ.
English Summary: Actress Meenakshi revealed her connection to the viral “Pachavellam Thachin” song scene from the film Calendar.