പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ഖലീഫ'. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്നതിന്റെ സൂചനകൾ പുറത്ത്. മോഹൻലാൽ 'ഖലീഫ'യുടെ സെറ്റിൽ എത്തിയിട്ടുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന ശക്തമായ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത് എന്നാണ് സൂചന. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ മോഹൻലാൽ ഒരു പ്രധാന അതിഥി വേഷത്തിലും, രണ്ടാം ഭാഗത്തിൽ നായകനായും എത്തും. പൃഥ്വിരാജിന്റെ കഥാപാത്രമായ മാമ്പറയ്ക്കൽ ആമിർ അലി, മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ കൊച്ചുമകനാണ്.
പൃഥ്വിരാജിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിഡിയോയിൽ, മിസിസ് ഗാന്ധിയെ മുട്ടുകുത്തിച്ച മാമ്പറയ്ക്കൽ അഹമ്മദ് അലിയെ പരാമർശിച്ചിരുന്നെങ്കിലും ആ വേഷം ആരായിരിക്കും എന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ മോഹൻലാൽ ലൊക്കേഷനിൽ എത്തിയ റിപ്പോർട്ടുകളും ഔദ്യോഗിക അറിയിപ്പും സോഷ്യൽ മീഡിയയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ജിനു എബ്രഹാം ഇന്നോവേഷൻസ് ബാനറിൽ ജിനു വി. അബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. സഹനിർമാതാവ് സിജോ സെബാസ്റ്റ്യനാണ്. 'പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം 2026 ഓണം റിലീസായാണ് ഖലീഫയുടെ ആദ്യ ഭാഗം എത്തുക.
ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് - ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളർ പ്ലാനറ്റ്, വിഎഫ്എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് - സിനറ്റ് സേവ്യർ.
English Summary: Mohanlal joins Prithviraj Sukumaran’s upcoming action thriller Khalifa, directed by Vaishakh.