മലയാളികളുടെ പ്രിയപ്പെട്ട നടൻ നിവിൻ പോളിയുടെ തിരിച്ചു വരവ് ആഘോഷമാക്കുകയാണ് ആരാധകർ. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം 'സർവ്വം മായ'യുടെ മിന്നും വിജയത്തിലാണ് താരമിപ്പോൾ. റിലീസ് ചെയ്ത രണ്ടാം ആഴ്ചയിൽ 120 കോടിയെന്ന ആഗോള കളക്ഷൻ റെക്കോർഡ് നേട്ടത്തിനരികിലാണ് ചിത്രം. ഇതിൽ കേരളത്തിൽ നിന്നും മാത്രം സിനിമ നേടിയത് 56.8 കോടിയാണ്.
പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ പതിനാല് ദിവസത്തെ ഇന്ത്യ നെറ്റ് കളക്ഷൻ 56.15 കോടിയും ഇന്ത്യ ഗ്രോസ് 66.25 കോടിയും ഓവർസീസ് 51.75 കോടിയുമാണ്.
കേരളം കഴിഞ്ഞാൽ സർവ്വം മായയ്ക്ക് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത് കർണാടകയിൽ നിന്നുമാണ്. 4.54 കോടിയാണ് കർണാടകയിൽ നിന്നും ചിത്രം നേടിയത്. ആന്ധ്ര-തെലങ്കാന പ്രദേശങ്ങളിൽ നിന്നും 57 ലക്ഷവും തമിഴ്നാട്ടിൽ നിന്നും 2.25 കോടിയും ചിത്രത്തിന് ലഭിച്ചു. നിലവിൽ മറ്റ് ചിത്രങ്ങളൊന്നും തന്നെ തിയറ്ററുകളിൽ ഇല്ലാത്തതിനാൽ തന്നെ 120 കോടിയിലേക്കെത്താൻ വലിയ ദൂരമില്ലെന്നും ട്രാക്കർന്മാരുടെ വിലയിരുത്തല്‍.
ഒരുപാട് മികച്ച തിരക്കഥയുടെ ഭാഗമാകാൻ കഴിഞ്ഞ അഭിനേതാവാണ് നിവിൻ പോളി. പ്രണയവും ഹാസ്യവും അനായാസ്യം കൈകാര്യം ചെയ്യുന്നതിലും കഴിവ് തെളിയിച്ച നടൻ കൂടിയാണ് നിവിൻ പോളി. എന്നാൽ സമീപ കാലങ്ങളിലായുള്ള താരത്തിന്റെ സിനിമകളുടെ പരാജയങ്ങളിൽ നിരാശരായിരുന്ന ആരാധകരെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ് 'സർവ്വം മായ'യുടെ വിജയം നൽകുന്നത്.
നിവിൻ - അജു കോമ്പൊ ഒന്നിച്ച പത്താമത്തെ ചിത്രമാണിത്. അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവ്വം മായ' ഹൊറർ- കോമഡി ജോണറിൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ജനാർദ്ദനൻ, വിനീത് ,രഘുനാഥ് പാലേരി, അൽഫോൺസ് പുത്രൻ, അൽത്താഫ് സലിം, റിയ ഷിബു തുടങ്ങിയ മികച്ച താരങ്ങളും അണിനിരഞ്ഞു.
English Summary: Nivin Pauly has made a strong comeback with Sarvam Maya, directed by Akhil Sathyan. The horror-comedy has emerged as a major box-office success, nearing ₹120 crore worldwide in its second week, with Kerala contributing ₹56.8 crore.