Actor/Producer Dev Ramnath 
Entertainment News

'തകർക്കാൻ ശ്രമിക്കുന്നത് വിജയ് ആരാധകർ, ജനനായകൻ കോടതി കയറിയത് ഞങ്ങൾ കാരണമല്ല'; പരാശക്തിയുടെ നിർമാതാവ്

സമൂഹ മാധ്യമങ്ങളിലടക്കം സിനിമയ്‌ക്കെതിരെ മോശം റേറ്റിംഗും നെഗറ്റീവ് റിവ്യൂകളും നടത്തി തകർക്കാൻ ശ്രമിക്കുന്നു

Entertainment Desk

ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് 'പരാശക്തി'. ചിത്രത്തെ തകർക്കാനായി സംഘടിത അക്രമങ്ങൾ നടക്കുന്നതായി നടനും നിർമാതാവുമായ ദേവ് രാംനാഥ്. നടൻ വിജയ്‌യുടെ ആരാധകരാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സമൂഹ മാധ്യമങ്ങളിലടക്കം സിനിമയ്‌ക്കെതിരെ മോശം റേറ്റിംഗും നെഗറ്റീവ് റിവ്യൂകളും നടത്തി തകർക്കാൻ ശ്രമിക്കുന്നുണ്ട്. സെൻസർ ബോർഡ് അനുമതി വൈകിയത് ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികൾ മറികടന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ സിനിമ മേഖലയ്ക്ക് ഗുണകരമല്ലെന്നും ആരോഗ്യകരമായ മത്സരത്തിന്റെ വിപരീതമാണിതെന്നും അദ്ദേഹം കുറിച്ചു.

ബുക്ക് മൈ ഷോ പോലെയുള്ള ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ബോധപൂർവം ചിത്രത്തിന്റെ കുറഞ്ഞ റേറ്റിംഗ് നൽകുന്നു. കൂടാതെ തിയേറ്ററുകളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് പോലെയുള്ള കാര്യങ്ങൾ വിജയ് ആരാധകർ ചെയ്യുന്നുവെന്നും ആരോഗ്യകരമായ മത്സരത്തെ തകർക്കുന്ന ഇത്തരം പ്രവണതകൾ സിനിമാ വ്യവസായത്തിന് തന്നെ ദോഷകരമാണ്. റിലീസ് ചെയ്യുന്ന തീയതി ആദ്യം പ്രഖ്യാപിച്ചത് തങ്ങളായിരുന്നു. 'ജനനായകൻ' തിയേറ്ററിലെത്തുന്നത് വൈകിപ്പിക്കാൻ ശ്രമിക്കുന്നത് തങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ സിനിമയ്ക്ക് സെൻസർ ബോർഡ് (CBFC) സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ചെന്നൈയിലും മുംബൈയിലുമുള്ള ഓഫീസുകളിൽ താൻ നിരന്തരം കയറിയിറങ്ങുകയായിരുന്നു. റിലീസിന് വെറും 18 മണിക്കൂർ മുമ്പ് മാത്രമാണ് അനുമതി ലഭിച്ചത്. 'ജനനായകൻ' നേരിട്ട അതേ വെല്ലുവിളികൾ തന്നെയാണ് തങ്ങളുടെ ടീമും നേരിട്ടത്. സിനിമാ സ്‌നേഹി എന്ന കാഴ്ചപ്പാടിൽ, ഈ പ്രവണതകളൊന്നും നമുക്ക് ആർക്കും തന്നെ നല്ലതല്ല. വിദ്യാർഥി പ്രസ്ഥാനത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയാണ് 'പരാശക്തി'. ഈ സിനിമ തമിഴ് ജനതയ്ക്ക് അഭിമാനിക്കാവുന്നതാണ്. നമ്മുടെ വിദ്യാർത്ഥികൾ പോരാടിയത് പോലെ തന്നെ തങ്ങളും ഈ ആക്രമങ്ങൾക്കതിരെ പോരാടുന്നതാണ്. ദേവ് രാംനാഥ് പറഞ്ഞു

ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന്റെ സംഗീത സംവിധാനം : ജി.വി. പ്രകാശ്, ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധാ കോങ്കര, അർജുൻ നദേശൻ, ആക്ഷൻ: സുപ്രീം സുന്ദർ എഡിറ്റിംഗ്: സതീഷ് സുരിയ, കലാ സംവിധാനം: എസ്. അണ്ണാദുരൈ, നൃത്തസംവിധാനം: ബ്രിന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻസൗണ്ട് ഡിസൈൻ: സുരേൻ ജി. എസ്, അളഗിയകൂത്തൻ, പിആർഒ പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

English Summary: Actor-producer Dev Ramnath alleges that Vijay fans are attempting to sabotage Siva Karthikeyan–Sudha Kongara film Parasakthi through negative ratings and coordinated attacks, denying responsibility for Jana Nayagan’s legal issues.