‘സൂരറൈ പോട്ട്രു’ സിനിമയ്ക്ക് ശേഷം ശിവകാർത്തികേയനെ നായകനാക്കി സുധാ കൊങ്കര ഒരുക്കിയ ചിത്രമാണ് ‘പരാശക്തി’. പീരീഡ് പശ്ചാത്തലത്തിലുള്ള ആക്ഷൻ ഡ്രാമ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയത്. അതേസമയം, സൂപ്പർ താരം വിജയ് ചിത്രം ‘ജനനായകനും’ ഇതേ സമയത്ത് റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ‘ജനനായകൻ’ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ തുടർന്ന് റിലീസ് മുടങ്ങിയപ്പോൾ സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളോടെ ‘പരാശക്തി’ക്ക് പ്രദർശനം ആരംഭിക്കാൻ സാധിച്ചു.
പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കവും. റിലീസിന് പിന്നാലെ വിജയ് ആരാധകർ മനപ്പൂർവം ‘പരാശക്തി’ക്ക് നെഗറ്റീവ് റിവ്യൂ നൽകുന്നുവെന്ന് സംവിധായിക സുധ കൊങ്കര ആരോപിച്ചു. സ്വന്തം സിനിമ തിയേറ്ററുകളിലെത്തിക്കാൻ സാധിക്കാത്തതിലുള്ള അസഹിഷ്ണുതയാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്നായിരുന്നു സുധാ കൊങ്കരയുടെ പ്രതികരണം. ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനുള്ള ശ്രമത്തിനിടയിൽ വ്യാജ ഐഡികൾ ഉപയോഗിച്ചുള്ള അപവാദ പ്രചാരണങ്ങളും വ്യക്തിഹത്യയും നടക്കുന്നുണ്ട്, ഇത് സംഘടിതമായ രീതിയിലുള്ള ആക്രമണമാണെന്നും സംവിധായിക ചൂണ്ടിക്കാട്ടി. ‘റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുധാ കൊങ്കര പൊട്ടിത്തെറിച്ചത്.
നേരത്തെ, ചിത്രത്തിന്റെ നടനും ക്രിയേറ്റീവ് പ്രൊഡ്യൂസറുമായ ദേവ് രാംനാഥും സമാന ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ചില ആരാധക സംഘങ്ങൾ മനപൂർവം നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നുവെന്നും, പഴയ ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള തെറ്റായ പ്രചാരണങ്ങളും ബുക്ക് മൈ ഷോ റേറ്റിംഗുകൾ കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ദേവ് രാംനാഥ് ആരോപിച്ചിരുന്നു. ഇത്തരം പ്രവണതകൾ ആരോഗ്യകരമായ സിനിമാ സംസ്കാരത്തിന് എതിരാണെന്നും ദേവ് അഭിപ്രായപ്പെട്ടു.
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്നാട്ടിൽ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലമാണ് ‘പരാശക്തി’യുടെ പ്രമേയം. ശിവകാർത്തികേയനൊപ്പം രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാള നടൻ ബേസിൽ ജോസഫും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘പരാശക്തി’ ഒരുങ്ങിയിരിക്കുന്നത്.
English Summary: Parasakthi, a period action-drama starring Shiva Karthikeyan and directed by Sudha Kongara, released amid fan backlash linked to Vijay’s postponed Jananayakan.