കേരളത്തിനെതിരെ വിദ്വേഷപ്രചാരണം നടത്തി എന്ന കുപ്രസിദ്ധിയാർജ്ജിച്ച 'ദ കേരളാ സ്‌റ്റോറി'യുടെ രണ്ടാംഭാഗത്തിന്റെ ട്രെയ്‌ലറിനെതിരെ പരോക്ഷ പ്രതികരണം നടത്തി നടൻ പ്രകാശ് രാജ്. വെജിറ്റേറിയൻ സദ്യയിൽ പോർക്കും ബീഫും മത്സ്യവും ഒന്നിച്ച് വിളമ്പുന്നതാണ് 'ദി റിയൽ കേരളാ സ്റ്റോറി'യെന്ന് പ്രകാശ് രാജ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. സദ്യയിലെ വിഭവങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് നടൻ പോസ്റ്റ് പങ്കുവെച്ചത്.
'പോർക്കും ബീഫും മത്സ്യവും വെജിറ്റേറിയൻ സദ്യയിൽ ഒന്നിച്ചുചേരുന്നതും, എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്നതുമാണ് യഥാർഥ കേരളാ സ്റ്റോറി', എന്നായിരുന്നു പ്രകാശ് രാജിന്റെ കുറിപ്പ്. ചിത്രത്തിന്റെ ട്രെയ്‌ലർ വിവാദമായതിന് പിന്നാലെ കഴിഞ്ഞദിവസം സമാനകുറിപ്പ് അദ്ദേഹം പങ്കുവെച്ചിരുന്നു. 'കൊതിപ്പിക്കുന്ന രുചിയാത്രയിൽ, കേരളത്തിന്റെ സ്വാദിഷ്ടമായ സിറിയൻ ക്രിസ്ത്യൻ ബീഫ് ഫ്രൈയുടേയും, കോക്കനട്ട് ബീഫിന്റേയും, പൈതൃകവും സംസ്‌കാരവും പരീക്ഷിച്ചുനോക്കേണ്ടതാണ്', എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് വിവാദമായ 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടത്. 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2026 ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ എത്തും. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് നിർമാണം.
ആദ്യ ഭാഗത്തിലെ മലയാളി കഥാപാത്രങ്ങളുടെ അവതരണം വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 'ശാലിനി ഉണ്ണികൃഷ്ണൻ' എന്ന കഥാപാത്രവും, ചിത്രം മുന്നോട്ട് വെക്കുന്ന തീവ്ര വലതുപക്ഷ പ്രൊപ്പഗാണ്ടയും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. കേരളത്തോടുള്ള വിദ്വേഷവും, മുസ്ലിം വിരുദ്ധതയും നിറഞ്ഞതാണെന്ന ആരോപണമുണ്ടായിരുന്നെങ്കിലും, ചിത്രം ആഗോള ബോക്സ് ഓഫീസിൽ 300 കോടിയിലധികം കളക്ട് ചെയ്തിരുന്നു.
രണ്ടാം ഭാഗത്തിന്റെ ടീസറും സമാന വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന. കേരളത്തിന്റെ മതേതര മൂല്യങ്ങൾക്കെതിരായ ശ്രമമാണിതെന്ന് വിമർശകരും ചൂണ്ടിക്കാട്ടുന്നു. സിനിമ വിദ്വേഷം പടർത്താനുള്ള ആസൂത്രിത നീക്കമാണെന്നായിരുന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞത്. സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണമെന്നായിരുന്നു മുഖ്യമന്ത്രി ചിത്രത്തെ വിളിച്ചത്.
English Summary: Actor Prakash Raj has indirectly criticized the trailer of The Kerala Story 2: Goes Beyond, calling Kerala’s real identity one of harmony, where diverse communities enjoy food together. Sharing a vegetarian feast featuring pork, beef, and fish, he wrote that such unity represents the “real Kerala story.”