Entertainment News

'ശ്രീനിയെപ്പോലെ നർമ്മം കലർത്തി പ്രേക്ഷകനെ കരയിച്ച മറ്റൊരാളില്ല'; പ്രിയദർശൻ

'കയർത്ത് സംസാരിച്ചാൽ എതിരെ നിൽക്കുന്നയാൾ നമ്മേ തല്ലാൻ സാധ്യതയുണ്ട്. അതേസമയം, നർമ്മം കലർത്തി പറഞ്ഞാൽ, കൂടെയുള്ള 10 പേർ ചിരിക്കും, അപ്പോൾ അയാൾക്ക് ആ 10 പേരേയും തല്ലേണ്ടി വരില്ലേ?'

Entertainment Desk

അന്തരിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സംവിധായകനും സുഹൃത്തുമായ പ്രിയദർശൻ. ശ്രീനിയെപ്പോലെ നർമ്മം കലർത്തി പ്രേക്ഷകനെ കരയിച്ച മറ്റൊരാളില്ലെന്ന് പ്രിയദർശൻ പറഞ്ഞു. കേരളാ നിയമസഭാ അന്താരാഷ്ട്ര പുസ്തോകത്സവ വേദിയിലായിരുന്നു സുഹൃത്തിനെക്കുറിച്ച് പ്രിയൻ വാചാലനായത്. എന്തുകൊണ്ടാണ് ശ്രീനി നർമ്മം കലർത്തി കാര്യങ്ങൾ അവതരിപ്പിക്കുന്നത് എന്ന് ചോദിച്ചാൽ, എങ്കിൽ മാത്രമേ അത് കേൾക്കുന്നയാൾ നമ്മേ ഓർത്തിരിക്കു എന്നായിരുന്നു അവന്റെ മറുപടിയെന്നും പ്രിയദർശൻ വ്യക്തമാക്കി.

പ്രിയദർശന്റെ വാക്കുകൾ;

ഒരിക്കൽ സ്വന്തം അച്ഛനുമായി ഫിലിം സ്കൂളിൽ പഠിക്കാൻ പോകുന്നതുമായി ബന്ധപ്പെട്ട് വാക്ക് തർക്കത്തിലേർപ്പെട്ട ശ്രീനി, കുറേ നാൾ അദ്ദേഹത്തോട് സംസാരിക്കാതിരുന്നു. ചെന്നൈയിൽ പോകാൻ അച്ഛൻ സമ്മതം നൽകാത്തതായിരുന്നു കാരണം. ഇരുവർക്കിടയിലെ ദേഷ്യവും അമർഷവും പോകെ പോകെ വളർന്നു വന്നു. അങ്ങനെയിരിക്കേ ചെന്നൈയിലേക്ക് പോകേണ്ടതിന്റെ തലേ ദിവസം, അച്ഛനുമായുള്ള പിണക്കം പരിഹരിക്കാൻ ശ്രീനി തീരുമാനിച്ചു. എങ്കിലും ചെന്ന് സംസാരിക്കാൻ അഭിമാനം സമ്മതിക്കുന്നില്ല. ശ്രീനി അച്ഛന്റെ മുഖം നോക്കാതെ പറഞ്ഞു, 'മഹാരാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടാകാറുണ്ട്. എന്നാൽ, സന്ധി സംഭാഷണത്തിൽ അത് തീർക്കാൻ കഴിയുന്നതാണ്'

ഇത് കേട്ട് അച്ഛൻ പൊട്ടിചിരിച്ചു എന്നും, ആ പ്രശ്നം അപ്പോൾ തന്നെ പരിഹരിക്കപ്പെട്ടു എന്നും ശ്രീനിവാസൻ പറഞ്ഞതായി പ്രിയദർശൻ ഓർത്തെടുത്തു. ഒരാളോട് ദേഷ്യമുണ്ടെങ്കിൽ അയാളോട് കയർത്ത് സംസാരിക്കാതെ, നർമ്മം കലർത്തി സംസാരിക്കലാണ് ശ്രീനിയുടെ രീതിയെന്നും പ്രിയദർശൻ പറഞ്ഞു. 'കയർത്ത് സംസാരിച്ചാൽ എതിരെ നിൽക്കുന്നയാൾ നമ്മേ തല്ലാൻ സാധ്യതയുണ്ട്. അതേസമയം, നർമ്മം കലർത്തി പറഞ്ഞാൽ, കൂടെയുള്ള 10 പേർ ചിരിക്കും, അപ്പോൾ അയാൾക്ക് ആ 10 പേരേയും തല്ലേണ്ടി വരില്ലേ?' എന്നായിരുന്നു ശ്രീനിയുടെ ന്യായം.

English Summary: Director Priyadarshan fondly remembered the late actor-writer Sreenivasan, saying no one else could blend humor and emotion the way he did.