Entertainment News

ഒരൊന്നൊന്നര റീയൂണിയൻ; രജനി-കമൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്

താനും കമൽഹാസനും ഒരുമിച്ച് ഒരുചിത്രത്തിൽ വേഷമിടും എന്ന് കഴിഞ്ഞ സെപ്റ്റംബറിൽ രജനീകാന്ത് പറഞ്ഞിരുന്നു

Entertainment Desk

പ്രേക്ഷകരെ ഞെട്ടിച്ച് തലൈവറും ഉലകനായകനും. നെൽസണിന്റെ സംവിധാനത്തിൽ രജനീകാന്തും കമൽഹാസനും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. KH x RK റീ യൂണിയൻ എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന പേര്. അനിരുദ്ധ് ആണ് സംഗീത സംവിധാനം. 47 വർഷങ്ങൾക്ക് ശേഷമാണ് സൂപ്പർസ്റ്റാറുകൾ ഇരുവരും സിനിമയിൽ ഒന്നിക്കുന്നത്.

'ജയിലർ 2' എന്ന ഹിറ്റ് ചിത്രത്തിനുശേഷം രജനീകാന്തും നെൽസണും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അതേ സമയം, കമൽഹാസനും നെൽസണും ആദ്യമായാണ് ഒന്നിച്ച് സിനിമ ചെയ്യുന്നത്. ഇരുവരും തമ്മിലുള്ള ഈഗോ ക്ലാഷാണ് ചിത്രത്തിന്റെ പ്രമേയം എന്ന സൂചനയും പ്രൊമോ വീഡിയോ നൽകുന്നുണ്ട്. ബബ്ലു രചിച്ച് അനിരുദ്ധ് ഈണമിട്ട 'ആജാ രാജാ' എന്ന ഗാനവും പശ്ചാത്തലത്തിൽ കേൾക്കാം. നെൽസണും അനിരുദ്ധും പതിവ് പോലെ വീഡിയോയിൽ സൂപ്പർതാരങ്ങൾക്കൊപ്പം എത്തുന്നുണ്ട്.

താനും കമൽഹാസനും ഒരുമിച്ച് ഒരുചിത്രത്തിൽ വേഷമിടും എന്ന് കഴിഞ്ഞ സെപ്റ്റംബറിൽ രജനീകാന്ത് പറഞ്ഞിരുന്നു. 'രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്ന് ഒരു ചിത്രം ചെയ്യാൻ പോകുന്നു. സംവിധായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കമലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് ഒരു കഥയും കഥാപാത്രവും ലഭിച്ചാൽ ഞങ്ങൾ അഭിനയിക്കും,' ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 'ഇതൊരു അദ്ഭുതകരമായ സംഭവമാണോ എന്ന് അറിയില്ല, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ നന്നായിരുന്നു,' എന്നുമാണ് ഇതേ വേദിയിൽവെച്ചുതന്നെ കമൽഹാസൻ പറഞ്ഞത്.

രാജീവ് മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എൺ. ഷെമ്പക മൂർത്തിയും, ആർ. ആർജുൻ ദുരൈയുമാണ് കോ-പ്രൊഡ്യൂസർമാർ. ഡി.ആർ.കെ കിരൺ ആണ് ആർട്ട് ഡയറക്ടർ. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

English Summary: A promo video of the film starring Rajinikanth and Kamal Haasan under the direction of Nelson Dilipkumar has been released. Titled KH x RK Reunion, the project marks the two superstars reuniting after 47 years, with music composed by Anirudh Ravichander.