ബെംഗളൂരു: 'കാന്താര'യിലെ ദൈവീക രൂപത്തെ അനുകരിച്ചതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ രൺവീർ സിംഗിനെതിരെ കേസ്. ബംഗളൂരു സ്വദേശിയായ അഭിഭാഷകൻ പ്രശാന്ത് മേത്തൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 196, 299, 302 വകുപ്പുകൾ പ്രകാരമാണ് കേസ്. ബെംഗളൂരുവിലെ ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഏപ്രിൽ എട്ടിനാണ് അടുത്ത ഹിയറിംഗ്.
കഴിഞ്ഞ വർഷം നവംബർ 28ന് ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. 'കാന്താര' സിനിമ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സ്വാധീനം വിശദീകരിക്കുന്നതിനിടെയായിരുന്നു ചിത്രത്തിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ‘ദൈവ ചാമുണ്ഡി’ എന്ന ദൈവസങ്കൽപ്പത്തെ രൺവീർ സിംഗ് അനുകരിച്ചത്.
തീരദേശ കർണാടകയിൽ ആരാധനാ പ്രാധാന്യമുള്ള ദൈവസങ്കൽപ്പമാണ് ‘ദൈവ ചാമുണ്ഡി’. അനുകരണത്തിനിടെ ഈ ദൈവസങ്കൽപ്പത്തെ ‘പെൺ പ്രേതം’ എന്ന രീതിയിൽ വിശേഷിപ്പിച്ചതും ശരീരഭാവങ്ങളിലും ശബ്ദപ്രകടനങ്ങളിലും അതിരുകടന്നതും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
വിവാദം ശക്തമായതോടെ വിഷയത്തില്‍ രൺവീർ സിംഗ് ഖേദം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ എല്ലാ സംസ്കാരങ്ങളോടും വിശ്വാസങ്ങളോടും തനിക്ക് ആദരവുണ്ടെന്നും, ഋഷഭ് ഷെട്ടിയുടെ അഭിനയത്തിലെ അധ്വാനവും സമർപ്പണവും സൂചിപ്പിക്കാനായിരുന്നു ശ്രമമെന്നുമായിരുന്നു താരത്തിന്‍റെ വിശദീകരണം. ആരുടെയെങ്കിലും മത വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നടൻ വ്യക്തമാക്കിയിരുന്നു.
English Summary: Bollywood actor Ranveer Singh has been booked in Bengaluru for allegedly hurting religious sentiments by imitating the divine ritual portrayed in the film Kantara during an international film event