കഴിഞ്ഞ മൂന്ന് വർഷമായി ചെന്നൈ സ്വദേശികളായ ഇരട്ട സഹോദരങ്ങളിൽ നിന്ന് തനിക്കും കുടുംബത്തിനും സുഹൃത്തുകൾക്കും നേരെ തുടരുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ തുറന്നുകാട്ടി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രവീണ രവി. കഴിഞ്ഞ മൂന്ന് വർഷമായി സൈബറിടത്തില്‍ ഇരട്ട സഹോദരങ്ങളായ രണ്ട് പേർ വേട്ടയാടുകയാണെന്നും നിയമ നടപടി സ്വീകരിച്ചിട്ടു പോലും ആക്രമണത്തില്‍ നിന്ന് ഇരുവരും പിന്മാറിയില്ലെന്നും താരം ഇന്‍സ്റ്റാഗ്രാമിലെഴുതിയ കുറിപ്പില്‍ പറയുന്നു. തമിഴ്നാട് പൊലീസില്‍ വിശ്വാസമുണ്ടെന്നും ഇരുവർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും രവീണ വിശ്വാസം പ്രകടിപ്പിച്ചു.
രവീണയുടെ വാക്കുകൾ :
കഴിഞ്ഞ മൂന്ന് വർഷങ്ങളായി എന്നെയും കുടുംബത്തെയും സുഹൃത്തുക്കളേയും പിന്തുടർന്ന് നിരന്തരം ശല്യം ചെയ്തു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി തുറന്നെഴുതുകയാണ്. ഇയാൾക്കെതിരെ പരാതിപ്പെടുകയും പൊലീസ് താക്കീത് ചെയ്തതിനാലും ഇനി ശല്യമുണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ നേരെ വിപരീതമാണ് സംഭവിച്ചത്. ശബരി എന്ന വ്യക്തിയും അയാളുടെ ഇരട്ട സഹോദരനും എന്നെയും കുടുംബത്തെയും സുഹൃത്തുക്കളെയും വേട്ടയാടികൊണ്ടിരിക്കുകയാണ്.
എന്നെയും എനിക്ക് ഏറ്റവും അടുപ്പമുള്ള വ്യക്തികളെയും ലക്ഷ്യം വെച്ച്, മെസ്സേജുകളിലൂടെയും കമന്റുകളിലൂടെയും നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും.! ഞാൻ കാരണം ഇത്രയും മോശമായ സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വരുന്ന സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു. നിയമപരമായി നീങ്ങിയിട്ടും ഇവർ ഇപ്പോഴും ഉപദ്രവം തുടരുകയാണ്.
ഇയാൾ നിരവധി ഫേക്ക് അക്കൗണ്ടുകൾ വഴി പിന്തുടർന്ന് ഉപദ്രവം തുടരുകയാണ്. എന്നെ മാത്രമല്ല, മറ്റ് പല സ്ത്രീകളെയും അഭിനേത്രികളെയും പ്രൊഫഷണലുകളെയും പിന്തുടർന്ന് ശല്യം ചെയ്യുകയും 'ഇതിനുമുമ്പ് കണ്ടുമുട്ടിയിട്ടുണ്ട്’, ‘വിവാഹം നിശ്ചയിച്ചിരിക്കുകയാണ്’ എന്നിങ്ങനെയുള്ള നുണക്കഥകൾ മെനഞ്ഞ് പ്രചരിപ്പിക്കുകയാണ് ഇയാളുടെ രീതി. എല്ലാവരോടുമായി പറയട്ടെ! ഈ പ്രഫൈലുകള്‍ ബ്ലോക്ക് ചെയ്യുക. പരമാവധി റിപ്പോർട്ട് ചെയ്യാനും ശ്രമിക്കണം.
English Summary: Actress and dubbing artist Raveena Ravi has publicly revealed ongoing cyber harassment faced by her, her family, and friends for the past three years, allegedly carried out by twin brothers from Chennai despite police intervention.