സൈബർ ആക്രമണത്തിനെതിരെ സർക്കാരിനോട് പരാതി പറഞ്ഞ് മലയാളം സീരിയൽ നടി രേഖ രതീഷ് പങ്കുവച്ച വിഡിയോ ചർച്ചയാകുന്നു. പരസ്പരം, സസ്‌നേഹം, ഓട്ടോഗ്രാഫ്, സ്‌നേഹക്കൂട് തുടങ്ങി ഒട്ടേറെ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രേഖ രതീഷ്. കേരളത്തിലെ യൂട്യൂബർമാർ കാരണം താൻ മാസങ്ങളായി കടുത്ത മാനസിക സമ്മർദത്തിലാണെന്നും, തനിക്കെന്തെങ്കിലും സംഭവിച്ചാൽ, അതിനു കാരണക്കാർ അവരാണെന്നും രേക വെളിപ്പെടുത്തി. യൂട്യൂബർമാരുടെ ഈ കടന്നാക്രമണത്തിനെതിരെ സർക്കാർ നടപടി ഉണ്ടാവണം എന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരിക്കുകയാണ് രേഖ.
രേഖ രതീഷിന്റെ വാക്കുകൾ:
‘‘പ്രിയപ്പെട്ട സർക്കാർ, പിണറായി വിജയൻ സാറിന്, എന്റെ പേര് രേഖ രതീഷ്. ഞാൻ മലയാളം സീരിയൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്നൊരു മകൻ എനിക്കുണ്ട്. കഴിഞ്ഞ ഒൻപത് മാസമായി ജോലിയില്ലാതെ എന്റെ ഫ്ലാറ്റിൽ തന്നെ കഴിയുകയാണ്. മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത് എന്നെപ്പറ്റി വിഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഇവരെല്ലാവരും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയാണ്.
ഈ മാനസിക സമ്മർദം എനിക്ക് താങ്ങാനാവുന്നില്ല. ഇത്തരം ആക്രമണങ്ങളുടെ ഫലമായി നമ്മുടെ കേരളത്തിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞ് പോവുന്നുണ്ട്. മകനുവേണ്ടി കഷ്ടപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ. എന്നാൽ യൂട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വിഡിയോ. ഇതുകൊണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ ഇവിടെ അവസാനിക്കണം.
എന്നെ മാത്രമല്ല, ഇതേ ഫീൽഡിലെ നിരവധി പേരെ അവർ അപമാനിക്കുന്നുണ്ട്. അവരെ ചൂഷണം ചെയ്യുകയാണ് ഇവർ. ദയവായി സർക്കാർ ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. എനിക്കു വേണ്ടി മാത്രമല്ല, മറ്റ് സഹോദരന്മാര്‍ക്കും സഹോദരിമാർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകരുത്. സർക്കാർ ഇതിൽ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം’’
കഴിഞ്ഞ ദിവസം രേഖ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയ്ക്കെതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. ‘‘എന്റെ ജീവിതത്തിൽ ഇന്ന് ഞാൻ ഏറ്റവും വലിയ ഒരു തീരുമാനമെടുക്കുകയാണ്. എന്റെ ജീവിതത്തിലൂടെ കടന്നു പോയ കാര്യങ്ങൾ എല്ലാവർക്കും അറിയാം, വേദനയും നിശബ്ദതയും, ഒരുപാട് ചോദ്യങ്ങളും. ഇനി വരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ തീരുമാനം’’ എന്നായിരുന്നു രേഖ രതീഷ് ആ വീഡിയോയിൽ പറഞ്ഞത്.
English Summary: Malayalam serial actress Rekha Ratheesh has lodged a complaint with the government alleging severe cyberattacks by YouTubers.