Entertainment News

'സഞ്ചാരം' തുടങ്ങാൻ കാരണക്കാരൻ മമ്മൂക്ക' - സന്തോഷ് ജോർജ് കുളങ്ങര; കയ്യടിച്ച് ആരാധകർ

"ഇന്ന് കാണുന്ന നിലയില്‍ ഞാന്‍ എത്തിയതിന് രണ്ട് പേരോടാണ് എനിക്ക് നന്ദി പറയാനുള്ളത്. ഒന്ന് ഷൗക്കത്തിനോടും, രണ്ട് അദൃശ്യമായി സഞ്ചാരത്തിന് കളമൊരുക്കിയ മമ്മൂക്കയോടും"- സന്തോഷ് ജോർജ് കുളങ്ങര

Entertainment Desk

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ 'സഞ്ചാരം' ആരംഭിക്കാൻ കാരണക്കാരൻ നടൻ മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തി പ്രോഗ്രാമിന്റെ അമരക്കാരൻ സന്തോഷ് ജോര്‍ജ് കുളങ്ങര. മമ്മൂട്ടി കാമിയോ വേഷത്തിലെത്തിയ ചത്താ പച്ച സിനിമയുടെ സക്‌സസ് മീറ്റില്‍ വെച്ചാണ് സന്തോഷ് ജോര്‍ജ് കുളങ്ങര ഇക്കാര്യം പറഞ്ഞത്. മലയാളികളെ യാത്രകൾ ചെയ്യാൻ പ്രചോദിപ്പിച്ച 'സഞ്ചാര'ത്തിന് പിന്നിലെ അദൃശ്യ കാരണക്കാരനായ മമ്മൂക്കയുടെ കഥ കേട്ട് ആരാധകർ കയ്യടിച്ചു.

'ചത്താ പച്ച'യുടെ നിര്‍മാതാവായ ഷിഹാന്‍ ഷൗക്കത്തിന്റെയും നടനായ ഇഷാന്‍ ഷൗക്കത്തിന്റെയും പിതാവായ ഷൗക്കത്തിനെ കുറിച്ചും, അദ്ദേഹവുമായുള്ള ദീര്‍ഘനാളത്തെ സൗഹൃദത്തെ കുറിച്ചും, സന്തോഷ് ജോര്‍ജ് കുളങ്ങര വേദിയില്‍ വെച്ച് സംസാരിച്ചു. 'സഞ്ചാരം ആരംഭിക്കുന്നതിന് പ്രകടമല്ലാത്ത കാരണക്കാരനായ ഒരു വലിയ മനുഷ്യന്‍ എന്റെ മുന്‍പിലുണ്ട്. അത് മമ്മൂക്കയാണ്,' എന്ന് പറഞ്ഞാണ് അദ്ദേഹം കഥ ആരംഭിച്ചത്.

സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ വാക്കുകൾ:

"സഞ്ചാരം ആരംഭിക്കുന്നതിന് പ്രകടമല്ലാത്ത കാരണക്കാരനായ ഒരു വലിയ മനുഷ്യന്‍ എന്റെ മുന്‍പിലുണ്ട്. അത് മമ്മൂക്കയാണ്. അദ്ദേഹത്തിന് പോലും അറിയാത്ത രഹസ്യമാണിത്. മമ്മൂക്കയ്ക്ക് വേണ്ടി കൊണ്ടുവന്ന ഒരു കാമറ വഴി തെറ്റി എന്റെ കയ്യില്‍ വന്നു. അതുവെച്ചാണ് ഞാന്‍ എന്റെ 'സഞ്ചാരം' ആരംഭിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഞ്ചാരത്തിന്റെ തുടക്ക നാളുകളിൽ, ലെന്‍സ്മാനിലായിരുന്നു എഡിറ്റ് നടത്തിരുന്നത്. സീരിയലുകളുടെ എഡിറ്റിനിടയില്‍ സമയം കിട്ടുമ്പോഴാണ് സഞ്ചാരം പോലെ ദുര്‍ബലമായ പരിപാടിയ്ക്ക് അവസരം കിട്ടുക. ഒരു ദിവസം ഞാന്‍ പതിവുപോലെ ആ സമയത്തിനായി സ്റ്റുഡിയോക്ക് പുറത്ത് വരാന്തയില്‍ കാത്തിരിക്കുകയാണ്. അപ്പോള്‍ ഷൗക്കത്ത് വന്നിട്ട് അന്ന് ലഭ്യമായ ഏറ്റവും ലേറ്റസ്റ്റ് മോഡല്‍ കാമറയെ കുറിച്ച് പറഞ്ഞു. ആ കാമറയുടെ ഗുണങ്ങളും അത് ജീവിതത്തെ മാറ്റിമറിക്കാന്‍ പോകുന്നത് എങ്ങനെയാകും എന്നെല്ലാം വിശദമായി വര്‍ണിച്ചു. അങ്ങനെയൊരു കാമറ സ്വന്തമാക്കാനുള്ള അവസരം വന്നിട്ടുണ്ട്, എന്നാൽ ഇപ്പോള്‍ അത് തന്റെ കയ്യില്‍ ഇല്ലെന്നും അത് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പിടിച്ചു വെച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ആദ്യമായി എത്തിയ ഡിവി കാമറ ആയിരുന്നു അത്. അത് മമ്മൂക്കയ്ക്ക് വേണ്ടി കൊണ്ടുവന്നത് ആയിരുന്നു. കേരളത്തില്‍ ആര്‍ക്കും ഇങ്ങനെയൊരു കാമറ ഇറങ്ങിയ കാര്യം പോലും അറിയില്ലായിരുന്നു, പക്ഷേ മമ്മൂക്ക അറിഞ്ഞു. ഈ കാമറ കൊണ്ടുവരാന്‍ ഷൗക്കത്തിനോട് പറഞ്ഞു. ആ ആവശ്യപ്രകാരം കൊണ്ടുവരുന്ന വഴിയാണ് കാമറ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.

എയര്‍പോര്‍ട്ടില്‍ കാമറ ഇറക്കണമെങ്കില്‍ ഇത്ര പൈസ വേണം, അത് എടുക്കാനുണ്ടെങ്കില്‍ നമുക്ക് കാമറ ഇപ്പോള്‍ കൊണ്ടുവരാം. ഞാനും ഷൗക്കുവും കൂടി തിരുവനന്തപുരത്ത് പോയി ഒരു ദിവസം അധ്വാനിച്ച് കാമറ പുറത്തിറക്കി. പിന്നീട് ആ കാമറ മമ്മൂക്കയിലേക്ക് പോയില്ല, അത് എന്റേതായി മാറി.

ആ കാമറ കയ്യില്‍ കിട്ടി ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ നേപ്പാളിലേക്ക് പോയി. അക്കാലത്ത് വലിയ കാമറ യൂണിറ്റിനൊപ്പം ആറേഴ് പേരെയും കൂട്ടി സഞ്ചാരം പോലൊരു പരിപാടി ഷൂട്ട് ചെയ്യാനായി പോകാനാകില്ല. ഡിവി കാമറ പക്ഷെ വളരെ കോംപാക്ട് ആണ്. എനിക്ക് തനിയെ എല്ലാ കാര്യങ്ങളും ചെയ്യാനാകും. അങ്ങനെയാണ് സഞ്ചാരം യാഥാര്‍ത്ഥ്യമാകുന്നത്. ഇന്ന് കാണുന്ന നിലയില്‍ ഞാന്‍ എത്തിയതിന് രണ്ട് പേരോടാണ് എനിക്ക് നന്ദി പറയാനുള്ളത്. ഒന്ന് ഷൗക്കത്തിനോടും, രണ്ട് അദൃശ്യമായി സഞ്ചാരത്തിന് കളമൊരുക്കിയ മമ്മൂക്കയോടും. അന്ന് തുടങ്ങിയ സഞ്ചാരമാണ് പിന്നീട് സഫാരിയായി മാറിയത്" - സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞവസാനിപ്പിച്ചു.

English Summary: “Mammootty is the reason Sancharam began,” reveals Santhosh George Kulangara.