നടൻ കമൽ ഹാസനെ നേരിൽ കണ്ട അനുഭവം പങ്കുവെച്ച് നടിയും ഉർവശിയുടെ മകളുമായ തേജലക്ഷ്മി. ബാല്യകാലത്ത് ‘പഞ്ചതന്ത്രം’ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ അമ്മയോടൊപ്പം ഉണ്ടായിരുന്ന ഓർമകളിൽ നിന്ന് വർഷങ്ങൾക്കിപ്പുറം ഒരു അവാർഡ് നിശയിലും പിന്നീട് നടന്ന കൂടിക്കാഴ്ചയിലുമെത്തുന്ന അനുഭവങ്ങളാണ് തേജലക്ഷ്മി സാമൂഹികമാധ്യമ കുറിപ്പിലൂടെ പങ്കുവെച്ചത്.
കൈക്കുഞ്ഞായിരുന്ന സമയത്ത് ‘പഞ്ചതന്ത്രം’ സിനിമയുടെ സെറ്റിൽ താനുമുണ്ടായിരുന്നുവെന്ന് 'അമ്മ പറഞ്ഞിട്ടുണ്ടെന്നും, ചില ദിവസങ്ങളിൽ കരയാതിരിക്കാനായി കമൽ ഹാസൻ തന്നെ എടുത്ത് നടക്കുകയും ഇഷ്ടപ്പെട്ട പലഹാരങ്ങൾ വാങ്ങിത്തരികയും ചെയ്തിരുന്നുവെന്നുമാണ് തേജലക്ഷ്മി കുറിച്ചത്. ആ സംഭവങ്ങൾ നേരിട്ട് ഓർമ്മയില്ലെങ്കിലും പറഞ്ഞുകേട്ട കഥകളായി അത് മനസ്സിൽ പതിഞ്ഞിട്ടുണ്ടെന്നും തേജലക്ഷ്മി പറഞ്ഞു.
2025ൽ നടന്ന സൈമ അവാർഡ്സിനിടെയാണ് കമൽ ഹാസനെ വീണ്ടും സമീപത്ത് കാണാൻ കഴിഞ്ഞത്. അമ്മയുടെ തിരക്കുകൾ കാരണം അദ്ദേഹത്തിന് സ്വയം പരിചയപ്പെടുത്താൻ സാധിക്കാതിരുന്നതും, സംസാരിക്കാൻ ധൈര്യമില്ലാതെ പോയ നിമിഷങ്ങളുമാണ് തേജലക്ഷ്മി ഓർത്തെടുക്കുന്നത്. അടുത്തിരുന്നിട്ടും ഒരു ‘ഹായ്’ പോലും പറയാൻ കഴിയാതിരുന്നതിലെ വിഷമവും കുറ്റബോധവും കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.
പിന്നീട് അമ്മയുടെ പിന്തുണയോടെയാണ് കമൽ ഹാസനെ നേരിൽ കണ്ടുമുട്ടാനുള്ള അവസരം ലഭിച്ചതെന്ന് തേജലക്ഷ്മി പറയുന്നു. ചുരുങ്ങിയ സമയം മാത്രമായിരുന്നെങ്കിലും, ആ കൂടിക്കാഴ്ച തനിക്ക് ഏറെ വിലപ്പെട്ടതായിരുന്നുവെന്നും, ജീവിതം ശരിയായ സമയത്ത് എത്ര മനോഹരമായി വൃത്തങ്ങൾ പൂർത്തിയാക്കുന്നുവെന്ന് ഓർമിപ്പിച്ച നിമിഷമാണിതെന്നും തേജലക്ഷ്മി അഭിപ്രായപ്പെട്ടു. ഉർവശിയോടും കമൽ ഹാസനോടുമൊപ്പമുള്ള ചിത്രവും തേജലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.
English Summary: Tejalakshmi, daughter of actress Urvashi, recalls her childhood memories and a recent emotional meeting with Kamal Haasan, shared through a social media post.