Entertainment News

'അച്ഛൻ കരഞ്ഞതിന് കാരണം മറ്റൊന്നാണ്, അത് എനിക്കറിയാം'; തുറന്നുപറഞ്ഞ് തേജാല​ക്ഷ്മി

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രിയാണ് ഉർവശിയെന്നായിരുന്നു മനോജ് കെ ജയൻ പത്രസമ്മേളനത്തിൽ പറഞ്ഞത്

Madism Desk

മകൾ തേജാലക്ഷ്മിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റവുമായി ബന്ധപ്പെട്ട് നടന്‍ മനോജ് കെ ജയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വികാരാധീനനായതും, സംസാരത്തിനിടയിൽ കണ്ണു നിറയുന്നതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ മുൻഭാര്യയും, നടിയുമായ ഉർവശിയെക്കുറിച്ച് സംസാരിച്ചപ്പോഴായിരുന്നു മനോജ് കെ ജയന്റെ തൊണ്ടയിടറിയതും വാക്കുകൾ മുറിഞ്ഞതും. ഉർവശിയുമായുള്ള വേർപാടാണ് അതിന് കാരണം എന്നായിരുന്നു അന്ന് പ്രേക്ഷകർ വിലയിരുത്തിയത്. എന്നാൽ ഇപ്പോൾ, ആ കണ്ണീരിന് കാരണം മറ്റൊന്നാണെന്ന്, വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് മകൾ തേജാലക്ഷ്മി

'എന്റെ കുഞ്ഞുന്നാളിലെ ചില കാര്യങ്ങൾ ആലോചിച്ചാണ് അന്ന് അച്ഛന്റെ കണ്ണു നിറഞ്ഞത്. ഞങ്ങള്‍ രണ്ട് പേർക്കിടയിലുള്ള വളരെ സ്വകാര്യമായ കാര്യങ്ങളുണ്ട്, അതായിരുന്നു അച്ഛന്റെ മനസിൽ,' തേജാലക്ഷമി വ്യക്തമാക്കി. തനിക്ക് ജീവിതത്തിലെ പ്രതിസന്ധികളെ സമാധാനത്തോടെ നേരിടുന്നതാണ് ശീലമെന്നും, തന്റെ തീരുമാനങ്ങൽ പലതും കൂടുതൽ ആലോചിക്കാതെയാണ് എടുത്തിട്ടുള്ളതാണെന്നും തേജാലക്ഷ്മി പറഞ്ഞു. താൻ വികാരാധീനയാണെന്ന് ഒരിക്കലും പൊതുസമൂഹം അറിയില്ലെന്നും, തന്റെ വൈകാരികതയെ തന്റെ തന്നെ സ്വകാര്യതയിൽ ഇരുത്താനാണ് ഇഷ്ടമെന്നും അവർ കൂട്ടിചേർത്തു.

സിനിമയിലും, സിനിമ സെറ്റിലും എങ്ങനെ പെരുമാറണം എന്ന് അച്ഛനും അമ്മയും പറഞ്ഞു തന്നിട്ടുണ്ട്. ടീമിലുള്ള എല്ലാവരേയും തുല്യമായി കാണണം എന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. അച്ഛനും അമ്മയുമാണ് എന്റെ മാനേജേഴ്സും പിആറും. അച്ചടക്കത്തോടെ പെരുമാറാമെങ്കിൽ മാത്രമെ സിനിമയിലേക്ക് ഇറങ്ങാവൂ എന്നാണ് അവർ നൽകിയ ആദ്യ ഉപദേശം, തേജാലക്ഷ്മി പറഞ്ഞു.

മകൾ സിനിമാമോഹം പറഞ്ഞപ്പോൾ അമ്മ ഉർവശിയെ ആദ്യം അറിയിക്കാനാണ് താൻ പറഞ്ഞതെന്നായിരുന്നു മകളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കൊണ്ട് മനോജ് കെ ജയൻ അന്ന് പറഞ്ഞത്. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രിയാണ് ഉർവശിയെന്നായിരുന്നു മനോജ് കെ ജയൻ പത്രസമ്മേളനത്തിൽ പറഞ്ഞത്.

English Summary: Tejalakshmi said Manoj K. Jayan’s emotional moment came from private memories, not his past with Urvashi.