Geethu Mohandas and Nithin Renji Panicker 
Entertainment News

'സ്റ്റേറ്റ് കടന്നപ്പോൾ സ്ത്രീവിരുദ്ധത സൗകര്യപൂർവം തിരുത്തി'; 'ടോസ്സ്ക്കി'നെ വിടാതെ 'കസബ' സംവിധായകൻ

'കസബ'യിലെ സ്ത്രീ വിരുദ്ധ രംഗങ്ങളെ ചൂടി കാണിച്ച് അഭിനേത്രി പാർവതി തിരുവോത്ത് വിമർശനാത്മകമായി സംസാരിക്കവെ ചിത്രത്തിന്റെ പേര് പറയാൻ നടിയെ നിർബന്ധിച്ചത് ഗീതു മോഹൻദാസ് ആയിരുന്നു

Entertainment Desk

'കെജിഎഫ്' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം യഷ് നായകനാവുന്ന ഗീതു മോഹൻദാസ് ചിത്രമാണ് 'ടോക്സിക്'. കഴിഞ്ഞ ദിവസം യഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് സംവിധായിക ഗീതുവിനെതിരെ നടക്കുന്നത്. 2016ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'കസബ'യുടെ സംവിധായകൻ നിധിൻ രഞ്ജിപണിക്കറും വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഗീതുവിനെ വിമർശിച്ചുകൊണ്ടാണ് നിധിൻ രഞ്ജിപണിക്കറുടെ കുറിപ്പ്.

പ്രശസ്ത എഴുത്തുകാരൻ സക്കറിയയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു നിധിന്‍റെ പ്രതികരണം. ‘'നിങ്ങൾ കെട്ടിയാടുന്ന ആ 'കപട വ്യക്തിത്വം' നിങ്ങളുടെ തന്നെ ആദർശങ്ങളെ വിസ്മരിക്കുമ്പോൾ, കാപട്യം അവിടെ പൂത്തുലയുന്നു. പിന്നാലെ ജീർണ്ണതയും (അങ്ങനെയുണ്ടാകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു). എങ്കിലും, ഇതിന്റെയെല്ലാം അനന്തരഫലമായി ഉണ്ടായ ആ തകർച്ചയിൽ (അലങ്കോലപ്പെട്ടതും എന്നാൽ അർഹിച്ചതുമായ ആ അവസ്ഥയിൽ) നിന്നുകൊണ്ട് എനിക്ക് സമ്മതിക്കാൻ കഴിയും; അതിനും അതിന്റേതായ ചില നിമിഷങ്ങളുണ്ടായിരുന്നു എന്ന്.'’ നിധിന്‍ പങ്കുവെച്ച കുറിപ്പിലെ വാക്കുകള്‍.

'സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന 'ആൺനോട്ട'ങ്ങളിലാത്ത, 'കസബ'യിലെ 'ആൺമുഷ്ക്ക്' മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്‌കാരം. ''SAY IT SAY IT'' എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി? എന്നും നിധിൻ കുറ്റപ്പെടുത്തി.

നിധിൻ രഞ്ജി പണിക്കരുടെ 'കസബ'യിലെ സ്ത്രീ വിരുദ്ധ രംഗങ്ങളെ ചൂണ്ടിക്കാണിച്ച് ഒരു ചലച്ചിത്ര മേളയ്‌ക്കിടയിൽ അഭിനേത്രി പാർവതി തിരുവോത്ത് വിമർശനാത്മകമായി സംസാരിച്ചിരുന്നു. ഇതിനിടെ വിമർശനത്തിന് ആധാരമായ ചിത്രത്തിന്റെ പേര് പറയുവാൻ പാർവതിയെ ഗീതു നിർബന്ധിച്ചിരുന്നു. ഇതാണ് പുതിയ വിമർശനങ്ങള്‍‌ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം എത്തിയ ടീസറിലെ നായകന്റെ ഇൻട്രോ രംഗങ്ങൾക്കിടയിൽ കാണിക്കുന്ന ദൃശ്യങ്ങളെ ചൂണ്ടിയാണ് പുതിയ വിമർശനങ്ങള്‍. അതേസമയം ഒരാൾ തന്റെ സമ്മതോടെ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതും മറ്റൊരാൾ സമ്മതമില്ലാതെ ഒരാളെ സ്പർശിക്കുന്നതും തമ്മിലുള്ള കേവല വ്യത്യാസം മനസിലാക്കാതെയാണ് മലയാളികൾ സംസാരിക്കുന്നത് എന്നും ചർച്ചകൾ ഉയരുന്നുണ്ട്.

കഴിഞ്ഞ വർഷം ചിത്രത്തിന്റെ ട്രയിലർ പുറത്തുവന്ന സമയത്തും അതിലെ ദൃശ്യങ്ങളെ വിമർശിച്ചും സംസ്ഥാനം വിട്ടപ്പോൾ ഗീതു മോഹൻദാസ് ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന തരത്തിൽ നിധിൻ പ്രതികരിച്ചിരുന്നു.

English Summary: Following the release of the Toxic teaser, director Geethu Mohandas faces cyber attacks, prompting filmmaker Nidhin Renji Panicker to respond by quoting writer Zachariah, reigniting debates on hypocrisy, consent, and misogyny in cinema.