ടിക് ടോക് കാലം മുതലെ മലയാളികൾക്കിടയിൽ സജീവമാണ് 'ഉപ്പ്' എന്ന യൂട്യൂബ് ചാനൽ. ചേർത്തല സ്വദേശികളും, ദമ്പതികളുമായ വിഷ്ണു പ്രിയയും പ്രമോദും അവരുടെ മക്കളുമാണ് ചാനലിലെ പ്രധാന കഥാപാത്രങ്ങൾ. സാധാരണക്കാരുടെ വീടുകളിലേക്കും, അതിലെ അച്ഛൻ, അമ്മ, മക്കൾ, മരുമക്കൾ, ബന്ധുക്കൾ, അയൽവാസികൾ, എന്നിവർക്കിടയിലെ കൊച്ചു കൊച്ചു, തമാശകളിലേക്കും, പരിഭവങ്ങളിലേക്കുമാണ് 'ഉപ്പ്' എത്തിനോക്കുന്നത്. മലയാളകൾക്കിടയിൽ നിന്നും 'ഉപ്പി'ന് പിന്തുണ ലഭിക്കുന്നതോടൊപ്പം തന്നെ മോശമായ പ്രതികരണങ്ങളും ലഭിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രമോദ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രമോദിന്‍റെ തുറന്നുപറച്ചില്‍.
നെഗറ്റീവ് കമന്‍റുകള്‍ പൊതുവേ കുറവാണെങ്കിലും, സ്ഥിരമായി തങ്ങളെ ബോഡി ഷെയിമിങ് നടത്തുന്നവരുണ്ടെന്ന് പ്രമോദ് ചൂണ്ടിക്കാണിച്ചു. തന്റെ പങ്കാളി പ്രിയ മെലിഞ്ഞതാണെന്ന രീതിയില്‍ മോശം കമന്റുകൾ വരാറുണ്ടെന്നും, പലപ്പോഴും ബോഡി ഷെയിമിങ്ങിനെതിരെ റിയാക്ഷൻ വീഡിയോ ചെയ്തിട്ടിണ്ടെന്നും പ്രമോദ് കൂട്ടിച്ചേർത്തു.
തങ്ങളെ എന്ത് പറഞ്ഞാലും അതിന് ചെവികൊടുക്കാറില്ല, എന്നാൽ മക്കളെ കുറിച്ച് പറയുമ്പോൾ അത് കണ്ട് നിൽക്കാൻ സാധിക്കാറില്ലെന്ന് പ്രിയ പറഞ്ഞു. 'മോള് കറുത്തിട്ടാണ്, ഇത് നിങ്ങളുടെ കുട്ടി തന്നെയാണോ?' എന്ന തരത്തിലുള്ള ചോദ്യങ്ങൾ മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും പ്രിയ പറഞ്ഞു. അതുകൊണ്ട് തന്നെ തന്റെ മകളെ നിറത്തിന്‍റെ പേരില്‍ മോശമായി കമന്റടിക്കുന്നവർക്ക് ചുട്ട മറുപടി നൽകാറുണ്ടെന്നും പ്രിയ വ്യക്തമാക്കി.
കാലമെത്ര മാറിയാലും, ആളുകള്‍ക്ക് കാണാന്‍ താല്പര്യം 'അവിഹിത'മാണെന്നും, ആളുകൾ ചീത്ത പറയുമെങ്കിലും, ഒരിടക്ക് അവിഹിതം മാത്രമായിരുന്നു തന്റെ ചാനലിലേക്ക് കാണികളെ കൂട്ടിയിരുന്നത് എന്നും പ്രമോദ് പറഞ്ഞു. അമ്മായിയമ്മ - മരുമകള്‍ വിഷയങ്ങളും, താൻ തല്ലുകൊള്ളുന്ന പ്രമേയങ്ങളും ആളുകൾ സ്വീകരിക്കാറുണ്ടെന്നും പ്രമോദ് ചൂണ്ടിക്കാട്ടി.
English Summary: Pramod and Priya, creators of the popular Malayalam YouTube channel 'Uppu,' opened up about dealing with negative comments despite widespread support.