Entertainment News

നിവിൻ പോളിക്കെതിരെ വ്യാജ പരാതി; നിർമാതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോടതി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഷംനാസ് സമർപ്പിച്ച രേഖകൾ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി

Entertainment Desk

നിവിൻ പോളിക്കെതിരെ വ്യാജ പരാതി നൽകിയെന്ന ആരോപണത്തിൽ നിർമാതാവ് പി.എസ്. ഷംനാസിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാൻ കോടതി നിർദേശം. വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പി.എസ്. ഷംനാസ് വ്യാജ രേഖകളും സത്യവാങ്മൂലവും സമർപ്പിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. നേരത്തെ ഷംനാസ് നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി പരാതി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ആ കേസിന്റെ നടപടികൾ സ്റ്റേ ചെയ്തിരുന്നു. ഇപ്പോഴത്തെ നടപടി നിവിൻ പോളിയുടെ പരാതിയെ തുടർന്നുള്ളതാണ്.

ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട തർക്കമാണ് കേസിലേക്ക് നയിച്ചിരിക്കുന്നത്. നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവരുമായുള്ള കരാറിൽ ചിത്രത്തിന്റെ അവകാശങ്ങൾ നിവിന്റെ നിർമാണ കമ്പനിയായ പോളി ജൂനിയറിനാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഷംനാസ് ഈ വിവരം മറച്ചുവെച്ച് വ്യാജ ഒപ്പ് ഉപയോഗിച്ച് ഫിലിം ചേംബറിൽ നിന്ന് അവകാശം സ്വന്തമാക്കിയെന്നും കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നുമാണ് നിവിൻ പോളിയുടെ പരാതി.

കോടതി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഷംനാസ് സമർപ്പിച്ച രേഖകൾ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) 227-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി അന്വേഷണത്തിന് ഉത്തരവിട്ടു. ഈ വകുപ്പ് പ്രകാരം ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. കോടതിയെ മനഃപൂർവ്വം തെറ്റിദ്ധരിപ്പിച്ചതിന്റെ പ്രാഥമിക തെളിവുകൾ നിലനിൽക്കുന്നുവെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷിച്ചു. നീതി ഉറപ്പാക്കാൻ പ്രോസിക്യൂഷൻ നടപടികൾ അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിവിൻ പോളിക്കായി ഹൈക്കോടതി അഭിഭാഷകരായ ടി. സുകേഷ് റോയിയും മീര മേനോനും കോടതിയിൽ ഹാജരായി.

English Summary: A Vaikom court has initiated non-bailable proceedings against producer P.S. Shamnas for allegedly filing false documents and affidavits to mislead the court in a dispute involving actor Nivin Pauly