Sreenivasan 
Entertainment Special

ശ്രീനിവാസന്‍ സിനിമകളില്‍ തെളിഞ്ഞു കണ്ടത് എന്‍റെകൂടി ജീവിതത്തിന്‍റെ പ്രതിഫലനമാണ്!

കൂട്ടുകാരെന്നാൽ ദാസനും വിജയനുമാണെന്ന ചിന്ത അനേകം മനുഷ്യരെപ്പോലെ എന്നിലും തീവ്രമായി നടപ്പാക്കിയ ഇടപെടലാണ് ശ്രീനിവാസന്റേത്

പി ജിംഷാർ

മേതിൽ രാധാകൃഷ്ണന്റെ 'ഹിച്ച്‌കോക്കിന്റെ ഇടപെടൽ' എന്ന ചെറുകഥയിൽ ആൽഫ്രഡ് ഹിച്ച്‌കോക്ക് നടത്തിയ ഇടപെടലിന് സമാനമാണ്, ശ്രീനിവാസനും അദ്ദേഹത്തിന്റെ ഇടപെടലും എന്റെ ജീവിതത്തിൽ നടത്തിയിട്ടുള്ളത്. 2025 ഡിസംബർ 20ന് നമ്മെ വിട്ടുപിരിഞ്ഞ വിഖ്യാതനായ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ഞാനൊരിക്കലും നേരിട്ട് കണ്ടിട്ടില്ല. തിയേറ്റർ സ്‌ക്രീനിലും ടെലിവിഷനിലുമായി അദ്ദേഹത്തിന്റെ സർഗസാന്നിദ്ധ്യം അറിഞ്ഞ അനേകം മനുഷ്യരിൽ ഒരാളാണ് ഞാനും. എന്നാൽ, എന്റെ ജനനത്തിനും 2 വർഷം മുമ്പ് ശ്രീനിവാസൻ എന്ന നായകനും അദ്ദേഹത്തിന്റെ സിനിമകളും എന്റെ ജീവിതത്തിൽ ഇടപെട്ടിട്ടുണ്ട്. 1988ലാണ്, ആ ഇടപെടൽ സാധ്യമാകുന്നത്!.

ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടിയോട് പ്രേമം പറഞ്ഞപ്പോൾ 'ശ്രീനിവാസന്റെ കോലത്തിലുള്ള നിന്നെ ആരെങ്കിലും പ്രേമിക്കോ?' എന്നൊരു ചോദ്യമാണ് മറുപടിയായി കിട്ടിയത്.

'പൊൻമുട്ടയിടുന്ന താറാവ്' എന്ന സത്യൻ അന്തിക്കാടിന്റെ ശ്രീനിവാസൻ സിനിമ ഷൂട്ട് ചെയ്യുന്നത് എന്റെ ജന്മദേശമായ തണ്ണീർക്കോടിന്റെ പരിസരപ്രദേശത്താണ്. തട്ടാൻ ഭാസ്‌ക്കരനും സ്‌നേഹലതയും പ്രണയം കൈമാറിയിരുന്ന ശിവന്റെ അമ്പലം തണ്ണീർക്കോട് സീനിയർ ബേസിക് യു.പി സ്‌കൂളിന്റെ പിറകിലാണ്. അബൂബക്കറിന്റെ ചായക്കടയും പാർവ്വതിയുടെ ഡാൻസ് സ്‌കൂളും അടങ്ങുന്ന കവല സ്‌കൂളിനോട് ചേർന്നാണ്. 'പൊൻമുട്ടയിടുന്ന താറാവ്' സിനിമയിലെ പാട്ടുകൾ ചിത്രീകരിച്ചിട്ടുള്ളത് 'തണ്ണീർക്കോട്' ഉള്ള 'അയ്‌ലക്കുന്നിൽ' വെച്ചായിരുന്നു. സത്യൻ അന്തിക്കാട് തൊട്ടടുത്ത വർഷം, 1989ൽ സംവിധാനം ചെയ്ത 'മഴവിൽക്കാവടി' എന്ന സിനിമയുടേയും പ്രധാനപ്പെട്ട ലൊക്കേഷനിലൊന്ന് തണ്ണീർക്കോട് ആയിരുന്നു. തണ്ണീർക്കോട് സ്‌കൂളിലെ വേണു മാഷ് ഈ രണ്ട് സിനിമകളിലും അഭിനയിച്ചിരുന്നു. വേണു മാഷിന്റെ മലയാളം ക്ലാസുകൾക്കിടയിലെ വിശേഷം പറച്ചിലുകളിലൂടെയാണ്, മറ്റനേകം കുട്ടികൾക്കൊപ്പം ഞാനാദ്യമായി സിനിമയെക്കുറിച്ചും ശ്രീനിവാസനെക്കുറിച്ചും അറിയുന്നത്. തണ്ണീർക്കോട് എന്ന ദേശത്തിനും, ഞങ്ങൾ അനേകം കുട്ടികൾക്കും ആദ്യത്തെ നായകൻ 'പൊൻമുട്ടയിടുന്ന താറാവ്' എന്ന സിനിമയിലെ തട്ടാൻ ഭാസ്‌ക്കരനാണ്. ശ്രീനിവാസൻ അഭിനയിച്ച തട്ടാൻ ഭാസ്‌ക്കരനെന്ന കഥാപാത്രത്തിന്റെ നാടാണ്, എന്നെ എഴുത്തുകാരനാക്കിയതും സംവിധായകനാകാനുള്ള സ്വപ്‌നത്തിന് പിറകെ അലയാൻ പ്രേരിപ്പിക്കുന്നതും. എന്റെ ജനനത്തിനും രണ്ട് വർഷം മുമ്പ്, ഞങ്ങളുടെ നാട്ടിൽ ശ്രീനിവാസൻ നായകനായ 'പൊൻമുട്ടയിടുന്ന താറാവ്' എന്ന സിനിമയിലൂടെ നടത്തിയ ദുർബമായ ഇടപെടലാണ്, എന്നെ സാഹിത്യത്തിലും സിനിമയിലും ജീവിക്കാൻ ഇപ്പോളും പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടിയോട് പ്രേമം പറഞ്ഞപ്പോൾ 'ശ്രീനിവാസന്റെ കോലത്തിലുള്ള നിന്നെ ആരെങ്കിലും പ്രേമിക്കോ?' എന്നൊരു ചോദ്യമാണ് മറുപടിയായി കിട്ടിയത്. പ്രണയിനിയുടെ നിരാസം ഉള്ള് നീറ്റിയെങ്കിലും ശ്രീനിവാസനെപ്പോലെയുണ്ടെന്ന ബോഡി ഷെയിമിങ്ങ് തമാശയിൽ എന്തോ അഭിമാനമാണ് തോന്നിയത്. ശ്രീനിവാസനെപ്പോലെ സിനിമകൾക്ക് തിരക്കഥയെഴുതണമെന്ന് തോന്നിത്തുടങ്ങിയ നിമിഷം അതായിരിക്കണം. ഇനിയും സാധ്യമായിട്ടില്ലാത്ത ഫിലീം മേക്കറാവുക എന്ന സ്വപ്‌നത്തിലേക്ക് തളരാതെ മുന്നോട്ട് സഞ്ചരിക്കാൻ പ്രേരിപ്പിച്ചു കൊണ്ട് ശ്രീനിവാസൻ എഴുതിയ ഉദയഭാനുവിന്റെ ജീവിതമുണ്ട്. 'ഉദയനാണ് താരം'  (സംവിധാനം, റോഷൻ ആഡ്രൂസ്, വർഷം: 2005) എന്ന സിനിമയിലെ ഉദയൻ താരമാകുന്നത് പോലെ, ഒരു വെള്ളിയാഴ്ച എന്റെ സിനിമയും റിലീസാകുമെന്ന സ്വപ്‌നം നെഞ്ചേറ്റാൻ കഴിയുന്നുണ്ടെന്നതാണ് എന്റെ ജീവിതത്തിൽ ഇപ്പോളും തുടരുന്ന ശ്രീനിവാസൻ ഇടപെടൽ!.

കോളേജ് പഠനകാലത്ത് കാമുകിയോടുള്ള എന്റെ ഇടപെടലുകൾ വടക്കുനോക്കി യന്ത്രം (സംവിധാനം: ശ്രീനിവാസൻ, വർഷം: 1989)' സിനിമയിലെ തളത്തിൽ ദിനേശന്റേതിന് സമമായിരുന്നെന്ന തിരിച്ചറിവ് കൂടിയാണ് എന്നിൽ ശ്രീനിവാസൻ സിനിമകൾ സൃഷ്ടിച്ച മറ്റൊരു ഇടപെടൽ

'സന്ദേശം' സിനിമയിലെ പ്രഭാകരനേയും പ്രകാശനേയും പോലെയായിരുന്നു എന്റെ ഉപ്പയുടെ രണ്ട് അനുജന്മാർ. ഉപ്പയുടെ അനിയനായ കമാൽ കമ്യൂണിസ്റ്റുകാരനും മറ്റൊരു അനിയനായ ഇദ്രീസ് കോൺഗ്രസ്സുകാരനുമായിരുന്നു. ഇരുവരും തമ്മിൽ സന്ദേശം സിനിമയിലേത് പോലെ വഴക്ക് ഉണ്ടായിരുന്നതായി തറവാട്ടിലെ മറ്റുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ ബാല്യത്തിലെ ഇദ്രീസ് കൊല്ലപ്പെട്ടതിനാൽ, എനിക്ക് ആ കഥയെല്ലാം കേട്ടറിവാണ്. MCJ പഠനകാലത്ത്, സിനിമകളിലെ രാഷ്ട്രീയം സൂക്ഷ്മമായി പഠന വിധേയമാക്കുന്ന കാലത്ത് വിമർശന ബുദ്ധിയോടെ കീറിമുറിച്ച സിനിമകൾ ശ്രീനിവാസന്റേതായിരുന്നു. അദ്ദേഹം തിരക്കഥ എഴുതിയ 'വരവേൽപ്പ് (സംവിധാനം: സത്യൻ അന്തിക്കാട്, വർഷം: 1989), സന്ദേശം (സംവിധാനം: സത്യൻ അന്തിക്കാട്, വർഷം: 1991) എന്നീ സിനിമകളിലെ അരാഷ്ട്രീയതയും തൊഴിലാളി ട്രേഡ് യൂണിയൻ വിരുദ്ധതയും ചർച്ച ചെയ്തു കൊണ്ടാണ് സിനിമകളിലെ രാഷ്ട്രീയ വായനയെ കുറിച്ചുള്ള പ്രാഥമിക ധാരണകൾ എന്നിൽ രൂപപ്പെട്ടത്. തലയണമന്ത്രം (സംവിധാനം: സത്യൻ അന്തിക്കാട്, വർഷം: 1990) അടക്കമുള്ള ശ്രീനിവാസൻ സിനിമകളിലെ സ്ത്രീവിരുദ്ധതയെ വിമർശന വിധേയമാക്കുമ്പോളും അത്തരം സിനിമകളിലെ നർമ്മരംഗങ്ങൾ നിത്യജീവിതത്തിൽ ഉപയോഗിക്കേണ്ടി വന്ന അനേകം മലയാളികളിൽ ഞാനുമുണ്ട്.

കൂട്ടുകാരെന്നാൽ ദാസനും വിജയനുമാണെന്ന ചിന്ത അനേകം മനുഷ്യരെപ്പോലെ എന്നിലും തീവ്രമായി നടപ്പാക്കിയ ഇടപെടലാണ് ശ്രീനിവാസന്റേത്. തൊഴിലില്ലായ്മയുടെ നിസ്സഹായതയും സൗഹൃദത്തിന്റെ തണലും ചേർത്തുപിടിക്കലിന്റെ സ്‌നേഹാദരവും ഞാനറിഞ്ഞ് ആസ്വദിച്ച് 'നാടോടിക്കാറ്റ്' (സംവിധാനം: സത്യൻ അന്തിക്കാട്, വർഷം: 1987) എന്ന തമാശപ്പടത്തിലൂടെയായിരുന്നു. ശ്രീനിവാസൻ രചന നിർവ്വഹിച്ച് കേന്ദ്ര കഥാപാത്രമായ സിനിമയാണ് 'പാവം പാവം രാജകുമാരൻ (സംവിധാനം: കമൽ, വർഷം: 1990). ഈ സിനിമയിലെ നായകനായ ഗോപൻ മാഷ് എന്ന കഥാപാത്രത്തെപ്പോലെ കൂട്ടുകാരാൽ പറ്റിക്കപ്പെട്ട പ്രണയാനുഭവം കൂടി ഉണ്ടെന്നതാണ്, എന്റെ ജീവിത്തതിലെ ഏറ്റവും ശക്തമായൊരു ശ്രീനിവാസൻ സിനിമയുടെ ഇടപെടൽ. കോളേജ് പഠനകാലത്ത് കാമുകിയോടുള്ള എന്റെ ഇടപെടലുകൾ വടക്കുനോക്കി യന്ത്രം (സംവിധാനം: ശ്രീനിവാസൻ, വർഷം: 1989)' സിനിമയിലെ തളത്തിൽ ദിനേശന്റേതിന് സമമായിരുന്നെന്ന തിരിച്ചറിവ് കൂടിയാണ് എന്നിൽ ശ്രീനിവാസൻ സിനിമകൾ സൃഷ്ടിച്ച മറ്റൊരു ഇടപെടൽ. ചിന്താവിഷ്ടയായ ശ്യാമള (സംവിധാനം: ശ്രീനിവാസൻ, വർഷം: 1998)' സിനിമയിലെ വിജയൻ മാഷിനെപ്പോലെ ഒന്നിലും ഉറച്ചുനിൽക്കാതെ അസ്വസ്ഥപ്പെട്ട് അലയുന്ന തളത്തിൽ ദിനേശനെപ്പോലെ പങ്കാളിയെ സംശയിക്കുന്ന അപകർഷതയുള്ള പാവം പാവം രാജകുമാരനായി എല്ലാം ദൗർബല്യങ്ങളുമുള്ള എന്നെത്തന്നെ കണ്ണാടിയിൽ കാണുന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രീനിവാസനും അദ്ദേഹത്തിന്റെ സിനിമകൾക്കും കഴിഞ്ഞിട്ടുണ്ട്.

'ഞാനീ പോളീടെക്‌നിക്കൊന്നും പഠിച്ചിട്ടില്ലെന്നും, എന്താ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തതെന്നും, അങ്ങനെ പവനായി ശവമായെന്നും' നിത്യജീവിതത്തിൽ പ്രയോഗിക്കാൻ കഴിയുന്നത്രയ്ക്കും സ്വാഭാവികമായി ശ്രീനിവാസനും അദ്ദേഹത്തിന്റെ സിനിമകളും മറ്റനേകായിരം മനുഷ്യരിൽ ഇടപെടുംപോലെ എന്നിലും ഇടപെടുന്നുണ്ട്. ഈ ഇടപെടലുകൾക്കെല്ലാം അപ്പുറം, 'ഭൂപടത്തിൽ നിന്നും കുഴിച്ചെടുത്ത കുറിപ്പുകൾ' എന്ന എന്റെ ആദ്യത്തെ നോവലിൽ വളരെ ദുർബലമായെങ്കിലും ശ്രീനിവാസന്റെ ഇടപെടലുണ്ട്. 'സീമന്തിനിപ്പുഴ ഇല്ലാത്തത് കൊണ്ട് കേരളത്തിന്റെ ഭൂപടത്തിൽ അയ്‌ലക്കുന്ന് ഇല്ലെന്ന് വിചാരിക്കരുത്. സത്യൻ അന്തിക്കാടിന്റെ ശ്രീനിവാസൻ സിനിമ 'പൊൻമുട്ടയിടുന്ന താറാവ്' ഷൂട്ട് ചെയ്തത് അയ്‌ലക്കുന്നത്താണ്'. ഞാനൊരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത, എന്റെ ജനനത്തിന് മുമ്പ് തന്നെ എന്നെ സിനിമയിലേക്ക് അടുപ്പിച്ച തണ്ണീർക്കോട് എന്ന ദേശത്തിന്റെ കൂടി നായകനായ തട്ടാൻ ഭാസ്‌ക്കരനെ അനശ്വരനാക്കിയ പ്രിയപ്പെട്ട ശ്രീനിവാസന് വിട. മേതിൽ രാധാകൃഷ്ണന്റെ 'ഹിച്ച്‌കോക്കിന്റെ ഇടപെടൽ' എന്ന ചെറുകഥയിൽ ആൽഫ്രഡ് ഹിച്ച്‌കോക്ക് നടത്തിയ ഇടപെടലിന് സമാനമാണ്, ശ്രീനിവാസനും അദ്ദേഹത്തിന്റെ ഇടപെടലും എന്റെ ജീവിതത്തിൽ നടത്തിയിട്ടുള്ളത്. ഈ ഇടപെടലിൽ ഏറിയും കുറഞ്ഞും എന്റെകൂടി ജീവിതത്തിന്റെ പ്രതിഫലനമാണ്!. 

English Summary: Writer P Jimshar reflects on the profound, indirect influence of legendary Malayalam actor-writer-director Srinivasan (who passed away on December 20, 2025) on his life and creative journey.