സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ഗ്യാങ്സ്റ്റർ ചിത്രം 'ടോക്സിക്ക്'-ന്റെ ഗ്ലിംസ് പുറത്ത്. ചിത്രത്തിലെ നായകൻ യഷിന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവന്ന വീഡിയോയിൽ, യഷ് അവതരിപ്പിക്കുന്ന 'റയ' എന്ന കഥാപാത്രത്തിന്റെ ശക്തമായ ആമുഖമാണ് പരിചയപ്പെടുത്തുന്നത്. പൂർണമായും ഒരു ഹോളിവുഡ് ചിത്രം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വിഷ്വലുകളും സൗണ്ട് ഡിസൈനും കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായിക ഗീതു മോഹൻദാസ്. ചിത്രം മാർച്ച് 19-ന് തിയറ്ററുകളിൽ എത്തും.
ചിത്രത്തിൽ അഞ്ച് നായികമാരാണ് ഉള്ളത്. ഇവരുടെയെല്ലാം പോസ്റ്ററുകളും, ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസറും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. അതുകൊണ്ടു തന്നെ ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചു എന്നാണ് റിപ്പോർട്ട്. കെജിഎഫിലൂടെ താരമൂല്യം ഇരട്ടിയായി ഉയർന്ന യഷിനെ 'ടോക്സിക്' പോലൊരു ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്, സിനിമാ പ്രേമികൾക്കിടയിലെ ചർച്ചാ വിഷയമായ ഗീതു മോഹൻദാസ് എന്ന സംവിധായകണെന്നത് കാത്തിരിപ്പിന്റെ ആക്കം കൂട്ടുന്നുന്നുണ്ട്.
നയൻതാര, താര സുതാര്യ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, കിയാര അദാനി എന്നിവരാണ് ചിത്രത്തിലെ നായികമാർ. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന ടോക്സിക്ക് യഷിന്റെ 19-ാം ചിത്രമാണ്. നിവിൻ പോളി, റോഷൻ മാത്യു, എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ ‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കൂടെയാണ് ‘ടോക്സിക്’. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ‘ടോക്സിക്’ നിർമ്മിക്കുന്നത്.
English Summary: Video glimpse from Geethu Mohandas’ upcoming film Toxic, starring Yash is out