Madism Entertainments

'ടോക്സിക്ക്' പെൺപടയെ പരിചയപ്പെടുത്തി ഗീതു മോഹൻദാസ്

സിനിമയുടെ ഭാഗമായ പ്രിയപ്പെട്ട സ്ത്രീകളോട് നന്ദിയും സ്നേഹവും അറിയിച്ചിരിക്കുകയാണ് ഗീതു തന്റെ കുറിപ്പിലൂടെ

Entertainment Desk

ഇന്ത്യൻ സിനിമാ ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പാണ് യാഷ് നായകനായെത്തുന്ന ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’. യഷിന്റെ 19-ാം സിനിമ കൂടിയാണ് 'ടോക്സിക്'. 'കെജിഎഫ്'നു ശേഷമുള്ള യാഷിന്റെ തിരിച്ചുവരവും ഒരു ഗ്യാങ്‌സ്റ്റർ കഥയിലൂടെയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പലപ്പോഴായി തന്ന അപ്ഡേറ്റുകളിലൂടെ വ്യക്തമാണ്. കെജിഎഫിലൂടെ താരമൂല്യം ഇരട്ടിയായി ഉയർന്ന യാഷിനെ 'ടോക്സിക്' പോലൊരു ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് സിനിമാ പ്രേമികൾക്കിടയിലെ ചർച്ചാ വിഷയമായ ഗീതു മോഹൻദാസ് എന്ന സംവിധായകണെന്നതും കാത്തിരിപ്പിന്റെ ആക്കം കൂട്ടുന്നുന്നുണ്ട്.

തന്റെ സ്ത്രീപക്ഷ നിലപാടുകൾ തുറന്നു പറയുകയും അതെല്ലാം തന്നെ തന്റെ സിനിമകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുന്ന സംവിധായകയാണ് ഗീതു മോഹൻദാസ്. ഇപ്പോഴിതാ, 'ടോക്സിക്കി'ലൂടെ താൻ അവതരിപ്പിക്കുന്ന സ്ത്രീ കഥാപത്രങ്ങളെ, തിരശീലയിലേക്ക് പകർത്തുന്ന അഭിനേത്രികൾക്ക് നന്ദി പറഞ്ഞുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗീതു മോഹൻദാസ്.

നയൻതാര, താര സുതാര്യ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, കിയാര അദാനി എന്നിവരിലൂടെ ശക്തവും മർമ്മപ്രധാനവുമായ അഞ്ചു സ്ത്രീ കഥാപത്രങ്ങളെ ഗീതു മോഹൻദാസ് 'ടോക്സിക്കി'ലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്.

'ഗംഗ' എന്ന കഥാപാത്രത്തിലൂടെയാണ് സൂപ്പർസ്റ്റാർ നയൻതാര 'ടോക്സിക്കി'ന്റെ ഭാഗമാകുന്നത്. പ്രേക്ഷകർ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ നയൻതാരയെ അവതരിപ്പിക്കണമെന്നാണ് താൻ ആഗ്രഹിച്ചതെന്ന് ​ഗീതു കുറിച്ചു. എന്നാൽ ഷൂട്ട്‌ തുടങ്ങിയതിനു ശേഷം ഗംഗയിലൂടെ തന്റെ സ്വന്തം വ്യക്തിത്വം പ്രതിഫലിപ്പിച്ചും, യാതൊരു വിധ അനുകരണ പ്രകടനങ്ങൾ ഇല്ലാതെയും, കഥാപാത്രത്തിന്റെ ആത്മാംശത്തെ തൊടുന്ന നയൻതാരയെ താൻ കണ്ടുവെന്ന് ഗീതു പ്രശംസിച്ചു.

ആദ്യമൊക്കെ തന്റെ സംരക്ഷണം അനിവാര്യമാണ് എന്ന് നടി താര സുതാര്യയെ കുറിച്ച് മുൻവിധി ഉണ്ടായിരുന്നെങ്കിലും, ചിത്രീകരണം ആരംഭിച്ചത് മുതൽ തന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് താര മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത് എന്ന് ​ഗീതു പറഞ്ഞു. മാത്രമല്ല, പറയുന്നതിനേക്കാൾ ഏറെ ശ്രദ്ധിക്കുകയും, തന്റെ നിശ്ശബ്ദതയെ കഥാപാത്രത്തെ ഉൾക്കൊള്ളാനുള്ള ഒരു ഇടമാക്കി മാറ്റുകയും ചെയ്ത താര തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നുവെന്നും, ​ഗീതു കൂട്ടിചേർത്തു.

ഇനി രുക്മിണി വസന്ത് ആകട്ടേ, അഭിനയിക്കുന്നതിനേക്കാളേറെ സ്വയം നവീകരിക്കുകയായിരുന്നുവെന്നാണ് ​ഗീതു പറഞ്ഞത്. രുക്മിണിയുടെ ചോദ്യങ്ങളൊന്നും തന്നെ വെറും സംശയങ്ങൾ ആയിരുന്നില്ല, മറിച്ച് സിനിമയോടുള്ള കൗതുകമായിരുന്നു എന്നും ​ഗീതു കൂട്ടിചേർത്തു. ചിത്രീകരണത്തിന്റെ ഇടവേളകൾക്കിടയിൽ ജേർണൽ എഴുതിയും, ചിന്തകളെ ചിത്രങ്ങളാക്കി പകർത്തിയും, തന്റേതായ ലോകം സൃഷ്ടിക്കുന്ന രുക്മിണി ഒരു സംവിധായക എന്ന നിലയിൽ തന്നിൽ കൗതുകമുണർത്തിയെന്നും ​ഗീതു എടുത്തു പറഞ്ഞു.

ഹുമ ഖുറേഷിയെ നോക്കിയാൽ, അനായാസമായ അഭിജാത്യതയും തീവ്രതയും ഒരുമിപ്പിച്ച് തന്റെ കഥാപാത്രത്തിന് ജീവൻ പകർന്നു നൽകുന്ന അഭിനേത്രിയാണ് ഹുമ എന്നായിരുന്നു ​ഗീതു കുറിച്ചത്. കഴിവിന്റെ ശക്തി കേന്ദ്രമെന്ന് അറിയപ്പെടുന്ന നടിയാണ് ഹുമയെന്നും, ഈ സിനിമയോട് കൂടി ഒരു പുതിയ സെല്ലുലോയ്ഡിന്റെ പിറവിയായി ഹുമയുടെ കഥാപാത്രം എഴുതപ്പെടുമെന്നും ​ഗീതു ഉറപ്പിച്ച് പറഞ്ഞു.

അവസാനമായി, കിയാര അദാനിയോടാണ്, വൈകാരികവും, മാനസികവും, കലാപരവുമായ തലങ്ങളിൽ ആഴത്തിൽ തൊട്ടു നിൽക്കേണ്ട തന്റെ കഥാപാത്രത്തോട്, അതിവൈകാരിക തലത്തിലുള്ള വിശ്വാസം പ്രകടിപ്പിക്കുകയും,തുടർന്ന് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത കിയാര തന്റെ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ടു പോയി എന്നാണ് ​ഗീതു കുറിച്ചത്. മാത്രമല്ല, ഈ അഞ്ച് അഭിനേത്രികളോടും, തന്റെ നന്ദിയും സ്നേഹവും കടപ്പാടും എടുത്തു പറയാനും ​ഗീതു മോഹൻ​ദാസ് മറന്നില്ല.

നിവിൻ പോളി, റോഷൻ മാത്യു, എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ ‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ‘ടോക്സിക്’. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ‘ടോക്സിക്’ നിർമ്മിക്കുന്നത്. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. 'ടോക്സിക്' പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ-വേൾഡ് സിനിമയായി ഒരുക്കും എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ.

English Summary: Toxic – A Fairy Tale for Grown-Ups,directed by Geethu Mohandas,has highlighted the film’s powerful female characters played by Nayanthara, Tara Sutaria, Rukmini Vasanth, Huma Qureshi, and Kiara Advani, emphasizing strong, layered women-centric narratives.