തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ് നായകനാകുന്ന 'ജന നായകൻ' സെൻസർ ബോർഡ് പ്രതിസന്ധിയിൽ തുടരുകയാണ്. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിൽ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി ജനുവരി 9ലേക്ക് വിധി പറയാൻ മാറ്റിയിരിക്കുകയാണ്. നിലവിൽ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നതും ജനുവരി 9നാണ്. ഇതോടെ, ചിത്രത്തിൻറെ റിലീസ് നീളും എന്ന ആശങ്കയിലാണ് പ്രേക്ഷകരും അണിയറ പ്രവർത്തകരും.
ചിത്രത്തിന് ‘UA’ സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉറപ്പുനൽകിയിട്ടും, പിന്നീട് പരാതിയുടെ പേരിൽ ചിത്രം റിവിഷൻ കമ്മിറ്റിക്ക് വിട്ടതായാണ് നിർമാതാക്കൾ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. റിവിഷൻ കമ്മറ്റിയിലേക്ക് ചിത്രം അയച്ചത് ചെയർമാന് സ്വമേധയാ അയയ്ക്കാനുള്ള അധികാരമുള്ളതുകൊണ്ടാണെന്നാണ് സെൻസർ ബോർഡിന്റെ വാദം. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും സൈന്യത്തെ ചിത്രീകരിച്ചത് ശരിയല്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സെൻസർ സർട്ടിഫിക്കറ്റ് വൈകിച്ചത്.
നിർമാതാക്കൾ ആവശ്യപ്പെട്ടതുപോലെ സെൻസർ ബോർഡിന്റെ പുനഃപരിശോധന കോടതി തടയാത്ത പക്ഷം, റിവിഷൻ കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നത് വരെ റിലീസ് നീട്ടി വെക്കുമോ എന്ന ആശങ്കയിലാണ് നിർമാതാക്കൾ. അനാവശ്യ കാലതാമസം വരുത്തുന്നതിലൂടെ കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചു.
എച്ച്. വിനോദ് സംവിധാനം ചെയ്‌ത വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണ് ‘ജനനായകൻ’. നടൻ വിജയ്‌യെ കൂടാതെ പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.
English Summary: Vijay’s upcoming film “Jana Nayakan” faces delays as the censor certificate is held up due to a complaint, despite initially being cleared for a ‘UA’ rating.