സൂര്യ നായകനായെത്തിയ 'ഉന്നൈ നിനൈത്ത്' എന്ന ചിത്രത്തിലെ ആദ്യ നായകൻ വിജയ് ആയിരുന്നു എന്ന് വെളിപ്പെടുത്തി ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ വിക്രമാൻ. 2002ൽ പുറത്തിറങ്ങിയ ചിത്രത്തിൽ, ആദ്യം നായകനായി എത്തിയത് വിജയ് ആയിരുന്നെന്നും, അതിന്റെ ഭാഗമായി ചിത്രത്തിലെ രണ്ടു ഗാനങ്ങളും അദ്ദേഹത്തെ വെച്ച് ചിത്രീകരിച്ചിരുന്നു എന്നും വിക്രമാൻ പറഞ്ഞു. ഇക്കാര്യങ്ങൾ വെളിപ്പെടുത്തികൊണ്ട്, 'എന്നൈ താരാട്ടും സംഗീതം' എന്ന ഗാനത്തിന്റെ വിജയ് വേർഷനും സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
നടി ലൈലക്കൊപ്പമെത്തിയ വിജയ് വേർഷൻ ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. കൂടാതെ ഈ ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിരുന്നെങ്കിൽ വൻ വിജയം ഉറപ്പായിരുന്നെന്നും ആരാധകർ പ്രതികരിച്ചു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. എന്നാൽ എന്തുകൊണ്ടാണ് വിജയ് യിൽ നിന്നും സൂര്യയിലേക്ക് മാറിയത് എന്നതിനെ കുറിച്ച് അദ്ദേഹം ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. രണ്ട് പതിപ്പുകളെയും തമ്മിൽ താരതമ്യം ചെയ്യരുതെന്നും സംവിധായകൻ പ്രേക്ഷകരോട് അഭ്യർത്ഥിച്ചു.
വീഡിയോ പങ്കുവെച്ചുകൊണ്ട് വിക്രമാൻ കുറിച്ചത് ഇങ്ങനെ: 'ഉന്നൈ നിനൈത്തു എന്ന ചിത്രത്തിലെ 'എന്നൈ താലാട്ടും' എന്ന ഗാനം അടുത്തിടെ ശ്രീലങ്കയിലെ സിംഹള വിദ്യാർഥികൾ പാടിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യഥാർഥത്തിൽ ഈ പാട്ട് ഞാൻ ആദ്യം ചിത്രീകരിച്ചത് ദളപതി വിജയ്‌യെ വച്ചായിരുന്നു. ആ ഓർമക്കൾ വീണ്ടും കടന്നുവന്നു. ആ സമയത്താണ് ഈ പാട്ടുമായി ബന്ധപ്പെട്ട ഒരു പഴയ വീഡിയോ കാസറ്റ് എനിക്ക് ലഭിച്ചത്. വീഡിയോയ്ക്ക് കേടുപാടുകൾ സംഭവിച്ചിരുന്നുവെങ്കിലും നിങ്ങൾക്കായി ഞാൻ അത് ഇവിടെ പങ്കുവയ്‌ക്കുന്നു.'
സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായ ചിത്രമായിരുന്നു 'ഉന്നൈ നിനൈത്ത്'. 2002 ൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനും ചിത്രം സ്വന്തമാക്കിയിരുന്നു. സൂര്യയും സ്നേഹയും ലൈലയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിൽ രമേശ് ഖന്ന, ചാർളി, ആർ സുന്ദർരാജൻ, റാംജി തുടങ്ങിയവരായിരുന്നു മറ്റു അഭിനയിതാക്കൾ. അതേസമയം, വിജയ് തന്റെ രാഷ്ട്രിയപ്രവേശനത്തെ തുടർന്ന് സിനിമ ജീവിതം അവസാനിപ്പിക്കുകയാണ്. അവസാന ചിത്രമായ 'ജനനായകൻ' ജനുവരി 9ന് റീലിസ് ചെയ്യും.
English Summary: Director Vikraman revealed that Unnai Ninaithu, a major turning point in Suriya’s career, was initially planned with Vijay as the lead.