മനാമ: ആരോഗ്യമേഖലയിലേക്ക് വിദേശികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി ബഹ്‌റൈൻ. ചികിത്സക്കായി വിദേശത്തുനിന്നും രാജ്യത്തെത്താൻ പ്രത്യേക ഹെൽത്ത് ടൂറിസം വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്, ശൂറ കൗൺസിലിലാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്. രാജ്യത്തേക്കുള്ള ഹെൽത്ത് ടൂറിസം വിസ രോഗികൾക്കായി അനുവദിക്കുന്നതിന് മുൻപ്, തിരഞ്ഞെടുക്കുന്ന ആശുപത്രികൾ, നൽകേണ്ട ചികിത്സ, ചികിത്സാനിരക്കുകൾ എന്നിവ മുൻകൂറായി രേഖപ്പെടുത്തേണ്ടതുണ്ടന്നും കൗൺസിൽ വ്യക്തമാക്കി.
വിദേശത്തു നിന്നുള്ള രോഗികൾ രാജ്യത്തെത്തുന്നതിന് മുൻപ് തന്നെ അവരുടെ ചികിത്സയിൽ വ്യക്തത വരുത്തേണ്ടതുണ്ട്. രോഗിക്ക് നൽകേണ്ട ചികിത്സകൾ, സർജറികൾ, അപകടസാധ്യതകൾ, പ്രതിസന്ധികൾ, വിജയസാധ്യത, തുടങ്ങിയ വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയ അറിയിപ്പുകൾ രേഖാമൂലം വിദേശികൾക്ക് നൽകണമെന്നാണ് അധികൃതരുടെ തീരുമാനം.
രോഗികൾക്ക് നൽകുന്ന ബില്ലുകളിൽ ഓരോ സേവനത്തിന്റെയും നിരക്ക് പരസ്യപ്പെടുത്തണമെന്നും കരട് നിയമത്തിലുണ്ട്. അഞ്ച് ശൂറ കൗൺസിൽ അംഗങ്ങളാണ് ഹെൽത്ത് ടൂറിസം വിസ എന്ന ആശയം മുന്നോട്ടുവെച്ചിട്ടുള്ളത്. പദ്ധതിക്കായി ദേശീയ സമിതി രൂപീകരിക്കുകയും നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി മേൽനോട്ടം വഹിക്കുകയും ചെയ്യുമെന്നാണ് വിവരം.
English Summary: Bahrain is planning new initiatives to boost health tourism, including a dedicated health tourism visa with clear regulations on treatment details, costs, and patient transparency.