ആലപ്പുഴ: ഹരിപ്പാട് സ്വദേശിയായ പ്രവാസി വയോധികനെ ഓൺലൈൻ ഓഹരി ഇടപാട് വാഗ്ദാനം നൽകി കബളിപ്പിച്ച് 8.8 കോടി രൂപ തട്ടിയെടുത്തതായി പരാതി. വൻകിട കോർപറേറ്റ് ഗ്രൂപ്പിന്റെ പേരിനോട് സാമ്യമുള്ള സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന പേരിലാണ് പ്രതികൾ സമീപിച്ചത്. ഓഹരി ഇടപാടിലൂടെ വലിയ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈമാറിയത്.
സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലായി 73 തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് തുക കൈമാറിയതെന്ന് പൊലീസ് അറിയിച്ചു. പണമിടപാടുകളിൽ മകന് സംശയം തോന്നി വിശദമായി പരിശോധിച്ചതോടെയാണ് തട്ടിപ്പാണെന്നത് വ്യക്തമായത്.
തുടർന്ന് മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തു. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലും വിവരം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നഷ്ടമായ തുക വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ആലപ്പുഴ സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഏലിയാസ് പി. ജോർജ് അറിയിച്ചു. ആലപ്പുഴ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും വലിയ സൈബർ തട്ടിപ്പാണിതെന്നും പൊലീസ് വ്യക്തമാക്കി.
English Summary: An NRI senior citizen from Haripad was cheated of ₹8.8 crore after being lured with fake online stock trading promises. Alappuzha Cyber Police have registered a case and begun recovery steps