Saadiyath Cultural District, UAE Image Credit: Instagram
Global Malayali

യുഎഇയിൽ ഇന്ത്യയുടെ മുഖമായി 'ഹൗസ് ഓഫ് ഇന്ത്യ' ഒരുങ്ങുന്നു

സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ ജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ഇന്ത്യയുടെ സംസാകാരികവും ചരിത്രവും പരിചയപ്പെടുത്താൻ കഴിയും

Madism Desk

അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തികവും സാംസ്കാരികവും ആയ ബന്ധം ശക്തിപ്പെടുത്താൻ അബുദാബിയിൽ മിനി ഇന്ത്യ ഒരുങ്ങുന്നു. 'ഹൗസ് ഓഫ് ഇന്ത്യ' എന്ന് പേര് നൽകിയ പദ്ധതിയിൽ ഇന്ത്യയുടെ സംസ്കാരം, കല, സാഹിത്യം, പൈതൃകം എന്നിവ വ്യക്തമാക്കുന്ന കേന്ദ്രങ്ങൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യ സന്ദർശനവേളയിലാണ് ഹൗസ് ഓഫ് ഇന്ത്യയുടെ നിർമാണത്തെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടായത്. അബുദാബിയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ശിലാക്ഷേത്രമായ ബിഎപിഎസ് ഹിന്ദുമന്ദിർ പോലെ ഇന്ത്യയുടെ പൈതൃകം പ്രദർശിപ്പിക്കുന്ന ഈ പദ്ധതിയും യുഎഇയിൽ സ്വീകരിക്കപ്പെടുമെന്നാണ് ഇന്ത്യയും യുഎഇയും പ്രതീക്ഷിക്കുന്നത്.

ലൂവ്ര് അബുദാബിയും മറ്റു മ്യൂസിയങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയിലാവും ഹൗസ് ഓഫ് ഇന്ത്യ സ്ഥാപിക്കുക. സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഇന്ത്യയുടെ സംസാകാരികവും ചരിത്രവും പരിചയപ്പെടുത്താൻ കഴിയും. ഇന്ത്യയുടെ ചരിത്രവും, കലാരൂപങ്ങളും പ്രദർശിപ്പിക്കുന്ന ഗാലറികളും, ഇന്ത്യൻ സാഹിത്യം, ഭാഷ എന്നിവയുൾപ്പെടുത്തിയ ഗവേഷണ കേന്ദ്രങ്ങളും, ഇന്ത്യയിലെ വ്യത്യസ്ഥ ഭക്ഷണങ്ങൾ, രുചികൾ എന്നിവ പരിചയപ്പെടുത്തുന്ന കഫേകളും 'ഹൗസ് ഓഫ് ഇന്ത്യ'യിൽ ഒരുങ്ങുമെന്നാണ് അറിയുന്നത്.

കൂടാതെ, ക്ലാസിക്കൽ നൃത്തങ്ങളും, സംഗീത പരിപാടികളും, യോഗ സെക്ഷനുകളും വേദിയിൽ അവതരിപ്പിക്കുമെന്നും തീരുമാനമുണ്ട്. 2032 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരങ്ങൾ 20000 കോടി ഡോളറായി ഉയർത്താനുള്ള ഉദ്ദേശത്തിന്റെ ഭാഗമായാണ് 'ഹൗസ് ഓഫ് ഇന്ത്യ' ഒരുങ്ങുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിൽ വരാനിരിക്കുന്ന വ്യാപാര കരാറുകൾ പ്രാബല്യത്തിൽ വരുന്നതോടെ നിക്ഷേപവും, തൊഴിലവസരങ്ങളും വർധിക്കുമെന്നാണ് വിലയിരുത്തൽ.

English Summary: India and the UAE are planning to establish the “House of India” in Abu Dhabi to showcase India’s rich culture, heritage, art, literature, and traditions.