Flight Ticket Fare Hike Image Credit: Instagram
Global Malayali

നാട്ടിൽ നിന്ന് യുഎഇയിലെത്താൻ പൊള്ളുന്ന ടിക്കറ്റ് നിരക്ക്; വലഞ്ഞ് പ്രവാസികള്‍

യുഎഇ യിൽ നിന്ന് 300 ദിർഹത്തിന് ടിക്കറ്റെടുത്തവർ തിരിച്ച് കയറാൻ ഇപ്പോൾ 2100 ദിർഹം വരെ നൽകേണ്ടി വരും

Meera Thilakan

അബുദാബി: യുഎഇയിൽ അവധിക്ക് നാട്ടിലെത്തിയവർക്ക് തിരികെ പോകാന്‍ താങ്ങാനാവാത്ത ടിക്കറ്റ് നിരക്ക്. സാധാരണ നിലയില്‍ നിന്ന് ഏകദേശം ഏഴിരട്ടിയോളം തുകയാണ് പ്രവാസി മലയാളികൾ നൽകേണ്ടി വരുന്നത്. നിലവിൽ ഓഫ് സീസൺ ആയിട്ടും ടിക്കറ്റ് നിരക്ക് ഉയർന്നിരിക്കുന്നത് അസാധാരണമാണ്. ജനുവരി 15 മുതൽ മാർച്ച് 1 വരെയാണ് ഓഫ് സീസൺ. യുഎഇ യിൽ നിന്ന് 300 ദിർഹത്തിന് ടിക്കറ്റെടുത്തവർ തിരിച്ച് കയറാൻ ഇപ്പോൾ 2100 ദിർഹം വരെ നൽകേണ്ടി വരും. ബജറ്റ് എയർലൈനുകളിൽ നിരക്ക് കുറവുണ്ടാകുമെങ്കിലും സീറ്റുകളുടെ ലഭ്യത കുറവാണ്. ടിക്കറ്റ് നിരക്ക് ഈ മാസം അവസാനത്തോടെ കുറയുമെന്നാണ് റിപ്പോർട്ട്. എന്നാൽ അവധി കഴിയുന്ന പ്രവാസികൾ ഉയർന്ന നിരക്കിൽ ടിക്കറ്റെടുക്കാൻ നിർബന്ധിതരാവുകയാണ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളെ അപേക്ഷിച്ച് കണ്ണൂരിൽ നിന്നുള്ള സർവീസുകളിലാണ് വിമാന കമ്പനികൾ ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നത്. വിമാന സർവീസുകൾ അധികമില്ലാത്തതാണ് കണ്ണൂരിൽ നിന്ന് നിരക്ക് കുത്തനെ ഉയരാൻ കാരണമായത്. മാർച്ച് അവസാന വാരം കണ്ണൂരിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ടു മെയ് അവസാന വാരം മടങ്ങിയെത്തണമെങ്കിൽ ഒരാൾക്ക് തന്നെ ഏകദേശം 74,000 രൂപ ചെലവുവരുമെന്നാണ് വിലയിരുത്തൽ.

ടിക്കറ്റ് ബുക്കിങ് വൈകുന്നതിനനുസരിച്ച് നിരക്കുകൾ ക്രമാതീതമായി ഉയരുമെന്നും, ഗൾഫിൽ സ്കൂളുകൾ അടയ്ക്കുന്ന ജൂലൈ–ഓഗസ്റ്റ് മാസങ്ങളിലും സമാന സാഹചര്യം തുടരും. നാട്ടിൽ സ്കൂളുകൾ അടയ്ക്കുന്ന മാർച്ച് അവസാന വാരത്തിൽ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ എയർലൈൻ കമ്പനികൾ ഇതിനകം തന്നെ ഉയർത്തിയിട്ടുണ്ട്. സ്കൂൾ അവധിക്കാലത്ത് പ്രവാസി കുടുംബങ്ങൾ വിദേശത്തേക്ക് യാത്ര ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഈ വിലവർധന.

English Summary: Kerala–UAE flight fares have spiked despite the off-season, hitting Malayali expats hard, especially those flying from Kannur.