ഖത്തറും ബഹ്‌റൈനും കരമാർഗം ബന്ധിപ്പിക്കാൻ പാലം നിർമ്മിക്കാനൊരുങ്ങി അധികാരികൾ. ഏകദേശം 40 കിലോമീറ്റർ നീളമുള്ള പാലം യാഥാർഥ്യമാവുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ കര ദൂരവും യാത്രാ സമയവും കുറയും. നിലവിൽ ബഹ്‌റൈനിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നത് സൗദി വഴിയാണ്. ഇത് ഏകദേശം അഞ്ചു മണിക്കൂർ വരെ സമയം എടുക്കുന്നുണ്ട്.
പാലം യാഥാർഥ്യമാകുമ്പോൾ ഈ യാത്രാ സമയം 30 മിനിറ്റിലേയ്ക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, എയർ കാർഗോയേക്കാൾ കുറഞ്ഞ ചിലവിൽ ചരക്കു കൈമാറ്റം സാധ്യമാകുമെന്നും അധികാരികൾ വിലയിരുത്തി. ബഹ്‌റൈനും ഖത്തറും തമ്മിൽ കടൽമാർഗം ഉപയോഗിച്ച് ഫെറി സർവീസ് ഈ വർഷം നവംബറിൽ ആരംഭിച്ചിരുന്നു. വളരെ ഉപകാരപ്രദമായ സർവീസ് കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് നിർത്തിവെക്കേണ്ട സാഹചര്യമുണ്ട്.
ബഹ്‌റൈൻ-ഖത്തർ കോസ്‌വേ യാഥാർഥ്യമാകുന്നതോടെ ഫെറി സർവീസിനുപുറമെ മറ്റൊരു സുഗമമായ യാത്രാ മാർഗം ജനങ്ങൾക്ക് ലഭ്യമാകും. ആറുമാസങ്ങൾക്ക് മുമ്പ് ഇരു രാജ്യങ്ങളുടെയും ഗതാഗത മന്ത്രിമാർ തമ്മിൽ ചർച്ചകൾ നടന്നിരുന്നു. അതിവേഗ കോസ്‌വേ പദ്ധതി, സംയുക്ത സമുദ്ര ലിങ്കേജ് പദ്ധതി എന്നിവ ആ ചർച്ചയിൽ ഉൾപ്പെടുത്തിയതായും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ കോസ്‌വേ പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്.
English Summary: Authorities are planning to build a 40-kilometer bridge connecting Qatar and Bahrain via land, reducing travel time from the current five hours to just 30 minutes.