India

18,662 കോടി രൂപ ചെലവില്‍ രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ റെയില്‍-റോഡ് ടണല്‍ പദ്ധതിക്ക് അംഗീകാരം

ഇന്ത്യയിലെ ആദ്യത്തേയും ലോകത്തിലെ രണ്ടാമത്തേയും അണ്ടര്‍ വാട്ടര്‍ റോഡ് കം റെയില്‍ ടണലായിരിക്കും ഇത്

Madism Desk

ന്യൂഡല്‍ഹി: അസമില്‍ ബ്രഹ്മപുത്ര നദിക്ക് അടിയിലായി ഇന്ത്യയിലെ ആദ്യത്തെ 34 കിലോമീറ്റര്‍ നീളമുള്ള അണ്ടര്‍ വാട്ടര്‍ റെയില്‍ റോഡ് തുരങ്ക നിര്‍മ്മാണം കേന്ദ്ര മന്ത്രിസഭ അംഗീകാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയാണ് 18,662 കോടി രൂപ മൂലധന ചെലവ് വരുന്ന പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഇത് ഇന്ത്യയിലെ ആദ്യത്തേയും ലോകത്തിലെ രണ്ടാമത്തേയും അണ്ടര്‍ വാട്ടര്‍ റോഡ് കം റെയില്‍ ടണലായിരിക്കും.

നിലവില്‍ എന്‍എച്ച് 715ലെ നുമാലിഗഢും, എന്‍എച്ച് 15ലെ ഗോഹ്പൂരും, തമ്മിലുള്ള കണക്ടിവിറ്റി എന്‍എച്ച് 52ലെ സില്‍ഘട്ടിനടുത്തുള്ള കാലിയഭംഭോര പാലത്തില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയാണ്. അതുകൊണ്ട് തന്നെ നുമാലിഗഢ്, കാസിരംഗ ദേശീയോദ്യാനം, ബിശ്വനാഥ് ടൗണ്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നതിനു ശരാശരി 6 മണിക്കൂറാണ് വേണ്ടി വരുന്നത്. ഈ വെല്ലുവിളികളെ നേരിടുന്നതിനായി, എന്‍എച്ച് -15ലെ ഗോഹ്പൂരില്‍ നിന്ന് നുമാലിഗഢിലേയ്ക്ക് ബ്രഹ്മപുത്ര നദിക്ക് താഴെ റോഡ് കം റെയില്‍ ടണലുള്ള 4 ലൈന്‍ ആക്‌സസ് കണ്‍ട്രോള്‍ഡ് ഗ്രീന്റഫീല്‍ഡ് കണട്റ്റിവിറ്റിയ്ക്കായി, പദ്ധതി വികസിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പത്രക്കുറിപ്പിൽ നിര്‍ദേശിച്ചിട്ടുള്ളത്.

അസം, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, തുടങ്ങി മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്ക്ക് ഈ പദ്ധതി മൂലം ഗണ്യമായ നേട്ടങ്ങളുണ്ടാക്കും. ചരക്ക് നീക്കം സുഗമമാക്കാനും, ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കാനും, മേഖലയിലെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂട്ടാനും ഇത് കാരണമാകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അസമിലുടനീളമുള്ള പ്രധാന സാമ്പത്തിക, സാമൂഹിക, ലോജിസ്റ്റിക് നോഡുകളിലേയ്ക്ക് തടസമില്ലാത്ത കണക്ടിവിറ്റി ലഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.

4 പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, 2 വിമാനത്താവളങ്ങള്‍, 2 ഉള്‍നാടന്‍ ജലപാതകള്‍ എന്നിവയുമായി ഈ പദ്ധതി മെച്ചപ്പെട്ട കണക്ടിവിറ്റി നല്‍കുകയും അതുവഴി മേഖലയിലുടനീളം ചരക്കുനീക്കം സുഗമമാക്കുകയും യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. മാത്രമല്ല, ഈ പദ്ധതി മൂലം നിര്‍മാണം, അറ്റകുറ്റപ്പണി, തുടങ്ങിയ മേഖലകളിലായി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

English Summary: The Union Cabinet, chaired by Narendra Modi, has approved India’s first underwater rail-cum-road tunnel under the Brahmaputra River in Assam, a ₹18,662-crore project aimed at boosting connectivity and economic growth in the Northeast.