കൊല്‍ക്കത്ത: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം, എസ്.ഐ.ആര്‍ നടപടിയിലൂടെ അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ മാത്രമാണ് വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ ബിജെപി സംഘടിപ്പിച്ച ‘പരിവര്‍ത്തന്‍ യാത്ര’യുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. വര്‍ഷങ്ങളായി സംസ്ഥാനത്ത് നുഴഞ്ഞുകയറ്റം നടക്കുകയാണെന്നും അതിനെ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അമിത് ഷാ ആരോപിച്ചു. ബിജെപി അധികാരത്തിലെത്തുന്ന സാഹചര്യത്തില്‍ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി രാജ്യത്ത് നിന്ന് പുറത്താക്കുമെന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.
എസ്.ഐ.ആര്‍ നടപടിയുടെ ഭാഗമായി ബംഗാളില്‍ 63.66 ലക്ഷം വോട്ടര്‍മാരുടെ പേരുകളാണ് ഒഴിവാക്കിയതെന്നും, 60.06 ലക്ഷം പേരെ സംശയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് അഴിമതി വ്യാപകമാണെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്ക് ബംഗാള്‍ സ്വര്‍ഗമായി മാറിയിരിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. ബംഗാളിലുള്ള ഹിന്ദു അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.
അതേസമയം, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കി നാടുകടത്തുന്ന അസം മാതൃക ബംഗാളിലും നടപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിൻ നവീൻ വ്യക്തമാക്കി. മാള്‍ഡ ജില്ലയില്‍ നടന്ന പരിവര്‍ത്തന്‍ യാത്രാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
English Summary: At the BJP’s Parivartan Yatra in West Bengal, Union Home Minister Amit Shah said illegal infiltrators would be identified and deported if the BJP comes to power. He claimed lakhs of names were removed during voter list revision and assured that Hindu refugees would not lose citizenship.