Arvind Kejriwal and Manish Sisodia 
India

ഡൽഹി മദ്യനയകേസിൽ ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തർ

കേസിൽ ഗൂഢാലോചന നടന്നതായോ പ്രതി ചേർക്കപ്പെട്ടവർ കുറ്റം ചെയ്തുവെന്നോ തെളിയിക്കാൻ സിബിഐക്ക് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു

Madism Desk

ഡൽഹി മദ്യനയക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ വിചാരണ കോടതി കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചു. കേസിലെ ഈ വഴിത്തിരിവ് കേന്ദ്രസർക്കാരിനും ബിജെപിക്കും വലിയ രാഷ്ട്രീയ തിരിച്ചടിയാണെന്നാണ് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബിആർഎസ് നേതാവ് കെ. കവിത ഉൾപ്പെടെ കേസിലെ മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു. ആം ആദ്മി പാർട്ടിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയ കേസിനാണ് ഈ കോടതി വിധിയിലൂടെ വിരാമമിട്ടിരിക്കുന്നത്.

വിചാരണ നടത്താൻ പോലും പര്യാപ്തമായ തെളിവുകളില്ലാത്ത കേസാണെന്ന് പറഞ്ഞാണ് കോടതി എല്ലാവരേയും കുറ്റവിമുക്തരാക്കിയത്. ഈ കോടതി വിധിയിലൂടെ സിബിഐക്ക് കനത്ത തിരിച്ചടിയാണെങ്കിലും രാഷ്ട്രീയപരമായി ആഘാതം സംഭവിച്ചിരിക്കുന്നത് ബിജെപിക്ക് കൂടിയാണ്.

കേസ് അന്വേഷിച്ച സിബിഐക്കെതിരെ കടുത്ത ഭാഷയിൽ കോടതി വിമർശിച്ചു. കേസിൽ ഗൂഢാലോചന നടന്നതായോ പ്രതി ചേർക്കപ്പെട്ടവർ കുറ്റം ചെയ്തുവെന്നോ തെളിയിക്കാൻ സിബിഐക്ക് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. മതിയായ തെളിവുകളോ ഒരു സാക്ഷിമൊഴിയുടെയോ അടിസ്ഥാനമില്ലാത്ത ഇവരെ പ്രതിചേർത്തതെന്ന് എങ്ങനെയാണെന്ന് കോടതി സിബിഐയോട് ചോദിച്ചു.

2021ൽ പുതിയ മദ്യനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, സർക്കാരിന്റെ നടത്തിപ്പിനുള്ള മദ്യശാലകൾ ഒഴിവാക്കുകയും സ്വകാര്യ വ്യക്തികൾക്ക് ലൈസൻസ് നൽകുവാനും ഡൽഹി ഗവണ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതിലൂടെ കള്ളക്കടത്ത് തടയാനും സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുമായിരുന്നു ലക്ഷ്യം. ഈ മാറ്റത്തിലൂടെ മദ്യശാലകൾ അർധരാത്രിവരെ പ്രവർത്തിക്കാനും പരിധിയില്ലാത്ത വിലക്കുറവുകൾ നൽകാനും അനുമതി നൽകുകയും ചെയ്തു. ഇതിലൂടെ മദ്യവിൽപനയിൽ 27 ശതമാനം വർധനവ് ഉണ്ടായെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു.

എന്നാൽ, പുതിയ നയം ‘മദ്യസംസ്കാരം’ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി അന്ന് രംഗത്തെത്തുകയായിരുന്നു. 2022 ജൂലൈയിൽ ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം മദ്യനയത്തിൽ ക്രമക്കേടുകൾ ഉണ്ടെന്നും സ്വകാര്യ വിൽപനക്കാർക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയെന്നും ആരോപിച്ചു. കോവിഡ് കാലത്തെ ലൈസൻസ് ഫീസിൽ 144 കോടി രൂപയുടെ ഇളവ് നൽകിയതാണ് ഉദാഹരണമായി റിപ്പോർട്ട് പരാമർശിച്ചത്. തുടർന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും തുടർന്ന് സർക്കാർ പുതിയ മദ്യനയം പിൻവലിക്കുകയും ചെയ്യുകയായിരുന്നു.

English Summary: A Delhi trial court acquitted AAP leaders Arvind Kejriwal and Manish Sisodia in the Delhi excise policy case, citing lack of sufficient evidence. The court also criticized the CBI for failing to prove conspiracy or wrongdoing. The verdict is seen as a major political setback for the BJP and brings relief to the Aam Aadmi Party.