ഡല്‍ഹി: തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപം കയ്യേറ്റം നീക്കാനുള്ള ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടപടികള്‍ ഇന്ന് പുലര്‍ച്ചെ ആരംഭിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സയ്യിദ് ഇലാഹി മസ്ജിദിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യാനാണ് അധികൃതര്‍ എത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.
രാവിലെ എട്ട് മണിയോടെ നടപടി തുടങ്ങുമെന്ന അറിയിപ്പിന് വിപരീതമായി, പുലര്‍ച്ചെ ഒന്നരയോടെയാണ് ബുള്‍ഡോസറുകളുമായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ഇതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. മസ്ജിദിനോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ ബുള്‍ഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റുന്ന ദൃശ്യങ്ങൾ നിലവിൽ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
മസ്ജിദ് സയ്യിദ് ഇലാഹിക്ക് സമീപമുള്ള രാംലീല മൈതാനത്തെ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങളാണ് നീക്കം ചെയ്യുന്നതെന്നായിരുന്നു മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വിശദീകരണം. പൊളിക്കല്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ ചിലയിടങ്ങളില്‍ കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നു.
സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിനായി ഡല്‍ഹി പോലീസിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും പത്തിലധികം കമ്പനികളെ പ്രദേശത്ത് വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിച്ചതെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചത്. രാംലീല മൈതാനിക്ക് സമീപമുള്ള 38,940 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള കയ്യേറ്റങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ നവംബര്‍ 12ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഗേറ്റ് പൊളിക്കല്‍ നടപടി തടയാന്‍ സാധിച്ചില്ല.
English Summary: Tension erupts in Delhi's Turkman Gate area as authorities demolish structures near a century-old mosque, citing encroachment on public land. Police use tear gas to disperse protesters.